റോഡുകളുടെ ശോച്യാവസ്ഥ; എംഎല്‍എയുടെ നേതൃത്വത്തില്‍ എക്സിക്യൂട്ടീവ് എന്‍ജിനിയറെ ഉപരോധിച്ചു
1458262
Wednesday, October 2, 2024 5:08 AM IST
മങ്കട: മങ്കട മണ്ഡലത്തിലെ തിരൂര്‍ക്കാട് ആനക്കയം, കുളത്തൂര്‍ മലപ്പുറം റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ഞളാംകുഴി അലി എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും നേതാക്കളും പിഡബ്ല്യുഡി റോഡ്സ് എക്സിക്യുട്ടീവ് എന്‍ജിനിയറെ മഞ്ചേരി ഓഫീസില്‍ ഉപരോധിച്ചു.
റോഡ് തകര്‍ച്ചയെക്കുറിച്ച് നിരവധി തവണ മഞ്ഞളാംകുഴി അലി എംഎല്‍എ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ചീഫ് എന്‍ജിനിയറുടെയും ശ്രദ്ധയില്‍പ്പെടുത്തുകയും നിയമസഭയിലടക്കം വിഷയമുന്നയിക്കുകയും ചെയ്തിരുന്നു. നടപടിയില്ലാത്തതിനാലാണ് ഇത്തരത്തിലൊരു സമരത്തിന് നിര്‍ബന്ധിതമായതെന്ന് എംഎല്‍എ പറഞ്ഞു.
അതേസമയം 15 ദിവസത്തിനകം അറ്റകുറ്റപണി പൂര്‍ത്തിയാക്കുമെന്നും ബിഎംബിസി ചെയ്ത് നവീകരിക്കുന്നതിനാവശ്യമായ നടപടി വേഗമാക്കമെന്നും എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ഉറപ്പ് നല്കി. മങ്കട ടൗണ്‍ മുതല്‍ ജല അഥോറിറ്റി കുഴിയെടുത്ത റോഡ് അറ്റകുറ്റപണി നടത്താന്‍ അടിയന്തര നിര്‍ദേശം നല്‍കാമെന്നും എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഉറപ്പ് നല്കി.
അഡ്വ.ടി. കുഞ്ഞാലി, മൊയ്തു, ടി. അബ്ദുള്‍കരീം, സഈദ, അഡ്വ.അസ്കര്‍ അലി, അബ്ദുള്‍ മാജിദ് വാഫി, ഇസ്ഹാഖ് കുളത്തൂര്‍, ഹനീഫ പെരിഞ്ചീരി, വി.പി. മാനു, അഡ്വ. അജിത്, കെ.എസ്. അനീഷ്, ടി.പി. ഹാരിസ്, ഷബീര്‍ കറുമുക്കില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.