പെരിന്തല്‍മണ്ണ : പൊതുഗതാഗത സംവിധാനം ശാക്തീകരിക്കുന്നതിന് പെരിന്തല്‍മണ്ണ താലൂക്കില്‍ നിലവില്‍ സര്‍വീസ് നടത്താത്ത ബസ് സര്‍വീസ്, ലാഭകരമായി ബസ് സര്‍വീസ് നടത്താവുന്ന ബസ് റൂട്ടുകള്‍ എന്നിവ സംബന്ധിച്ച് മോട്ടോര്‍വാഹന വകുപ്പ് 23ന് ഉച്ചയ്ക്ക് രണ്ടിന് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജനകീയ സദസ് സംഘടിപ്പിക്കും.
എംഎല്‍എമാരായ മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം എന്നിവരുടെ നേതൃത്വത്തിലായിരിക്കും സദസ് സംഘടിപ്പിക്കുക. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പല്‍ അധ്യക്ഷന്‍, ത്രിതല പഞ്ചായത്തുതല പ്രസിഡന്റുമാര്‍, കൗണ്‍സിലര്‍മാര്‍, മെംബര്‍മാര്‍, ഡിവൈഎസ്പി, പോലീസ്, പിഡബ്ലിയുഡി ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് എന്‍ജിനീയര്‍ വിഭാഗം, റസിഡന്റസ് അസോസിയേഷന്, കഐസ്ആര്‍ടിസി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്, ബസ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുക്കും. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അവരുടെ യാത്രാ ക്ലേശവുമായി ബന്ധപ്പെട്ട റൂട്ടുകളുടെ വിവരങ്ങള്‍ 17ന് മുമ്പായി പെരിന്തല്‍മണ്ണ സബ് ആര്‍ടിഒ ഓഫീസില്‍ സമര്‍പ്പിക്കാമെന്ന് പെരിന്തല്‍മണ്ണ ജോയിന്റ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.