എന്‍ഒസിയുടെ മറവിലെ ഉദ്യോഗസ്ഥ അഴിമതി; പരാതിക്കാരനില്‍ നിന്ന് മൊഴിയെടുത്തു
1445110
Thursday, August 15, 2024 8:32 AM IST
നിലമ്പൂര്‍: എന്‍ഒസിയുടെ മറവില്‍ ഉദ്യോഗസ്ഥ അഴിമതി നടക്കുന്നുവെന്ന പരാതിയില്‍ പരാതിക്കാരനില്‍ നിന്ന് വനം വിജിലന്‍സ് വിഭാഗം മൊഴിയെടുത്തു. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് നല്കിയ പരാതിയിലാണ് അന്വേഷണം.
കോഴിക്കോട് വനം വിജിലന്‍സ് ഡിഎഫ്ഒയ്ക്കാണ് അന്വേഷണ ചുമതല. വനം വിജിലന്‍സിന്റെ വടപുറം ഓഫീസിലെത്തിയാണ് പരാതിക്കാരനായ ഇസ്മായില്‍ എരഞ്ഞിക്കല്‍ മൊഴി നല്‍കിയത്.
വനം വകുപ്പിന്റെ നിലമ്പൂര്‍ ഡിവിഷന് ഓഫീസുകളില്‍ എന്‍ഒസി ആവശ്യത്തിനായി എത്തുന്നവരില്‍ നിന്ന് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ പണം വാങ്ങുന്നതായും പണം നല്കാന് വിസമ്മതിക്കുന്നവരെ എന്‍ഒസി നല്‍കാതെ കാലതാമസം വരുത്തുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു.
കൂടതെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ചില റിട്ടയേര്‍ഡ് വനം ഉദ്യോഗസ്ഥരും വ്യക്തികളും എന്‍ഒസി തരപ്പെടുത്തി നല്കാന് പണം വാങ്ങുന്നതായും ഇത് ഉദ്യോഗസ്ഥ ഒത്താശയോടെയാണെന്നും ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും പരാതിയിലുണ്ട്. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്ന് കോഴിക്കോട് വനം വിജിലന്‍സ് ഡിഎഫ്ഒ ജയപ്രകാശ് പറഞ്ഞു. വിജിലന്‍സ് വിഭാഗം ഡിവിഷന് ഓഫീസുകളില്‍ എത്തിയും തെളിവെടുപ്പ് നടത്തിയിരുന്നു.