ഭീഷണിയായ പാണ്ടന്മലവാരത്തെ കുഴികള്‍ മൂടി തുടങ്ങി
1444524
Tuesday, August 13, 2024 4:54 AM IST
കരുവാരകുണ്ട്: പാണ്ടന്മലവാരത്ത് സൈലന്റ് വാലി ബഫര്സോണിന്നോട് ചേര്‍ന്ന് കിടക്കുന്ന കൂമ്പന്‍മലയുടെ താഴ് വാരത്ത് നിര്‍മിച്ച കൂറ്റന്‍ ജലസംഭരണി ദുരന്തത്തിന് കാരണമായേക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് കുഴികള്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നികത്തിതുടങ്ങി.
കുഴികള്‍ മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കുഴികള്‍ മൂടാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയത്. ജിയോളജി വകുപ്പ് അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് ഇക്കാര്യമറിയിച്ചത്.
കനത്ത മഴയില്‍ കുഴികളില്‍ വെള്ളം നിറയുകയും കുഴികള്‍ തകര്‍ന്നു കുത്തൊഴുക്കിനും അതുവഴി ആള്‍നാശം ഉള്‍പ്പെടെയുള്ള ദുരന്തത്തിന് കാരണമായേക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാണിച്ചിരുന്നു. അനധികൃതമായി നിര്‍മിച്ച കുഴികള്‍ അഞ്ചുദിവസത്തിനകം ശാസ്ത്രീയമായി മൂടണമെന്ന് കളക്ടര്‍ ഉടമയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കണ്ണമ്പള്ളി എസ്റ്റേറ്റിലാണ് വാഴകൃഷിക്കെന്ന പേരില്‍ ഭീമന് ജലസംഭരണികള്‍ നിര്‍മിച്ചിരിക്കുന്നത്.
പരിസ്ഥിതി ലോല മേഖലയിലാണിത്. 22 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയും ആറു മീറ്റര്‍ താഴ്ചയുമുള്ള കുഴികളാണ് നിര്‍മിച്ചിരുന്നത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായതോടെയാണ് ഇതിനെതിരേ എതിര്‍പ്പുണ്ടായത്.
ഭാവിയില്‍ ജിയോളജി വകുപ്പ്, ഗ്രാമപഞ്ചായത്ത് എന്നിവ അറിയാതെ ഒരു നിര്‍മാണവും മേഖലയില്‍ നടത്തരുതെന്നും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുഴികള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മേല്നോട്ടംവഹിക്കണമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്.