നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ സുലഭം; കുറ്റക്കാര്‍ക്കെതിരേ നടപടികളില്ല
1444268
Monday, August 12, 2024 5:19 AM IST
എടക്കര: പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള മേഖലയിലെ ഒരു ഗ്രാമപഞ്ചായത്താണ് എടക്കര. എന്നാല്‍ പഞ്ചായത്തിലെ ഒരോ വ്യാപാര സ്ഥാപനങ്ങളിലും സര്‍ക്കാര്‍ നിര്‍ദേശിച്ച രിതിയിലുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളല്ല ഉപയോഗിക്കുന്നത്. കോവിഡ് കാലത്താണ് സംസ്ഥാന സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കിയത്.
50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളായിരുന്നു ആദ്യം നിരോധിച്ചത്. ഈ നിരോധനം വിജയം കണ്ടില്ല. തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് മണ്ണില്‍ ലയിക്കുന്ന ഡീ ഗ്രേഡബിള്‍ ക്യാരി ബാഗ് ഒഴികെയുള്ള എല്ലാവിധ പ്ലാസ്റ്റിക് ക്യാരിബാഗുകളും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവായിരുന്നു.
എന്നാല്‍ ഈ നിരോധനവും ഫലം കണ്ടില്ലെന്ന് മാത്രമല്ല പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്നതിന് 50 രൂപ ഫീസായി മാസംതോറും തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കാനും തുടങ്ങി. ഇതോടെ നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗ് വില്ക്കുന്നവര്ക്കെതിരെയോ ഉപയോഗിക്കുന്നവര്ക്കെതിരെയോ യാതൊരു നടപടിയുമുണ്ടായില്ല.
ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട പഞ്ചായത്ത് തലത്തില്‍ രൂപീകരിച്ചിട്ടുള്ള സമിതിയാണ് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വില്ക്കുന്നവര്ക്കെതിരേ നടപടി സ്വീകരിക്കേണ്ടത്.