ലോക ഫുട്ബോൾ ദിനം: പഴയകാല പ്രതിഭകളെ ആദരിച്ച് കാദറലി ക്ലബ്
1424962
Sunday, May 26, 2024 4:37 AM IST
പെരിന്തൽമണ്ണ: ലോക ഫുട്ബോൾ ദിനത്തിൽ പഴയകാല പ്രതിഭകളെ ആദരിച്ച് കാദർ ആൻഡ് മുഹമ്മദലി സ്പോർട്സ് ക്ലബ്. പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്ത്യൻ ഫുട്ബോളറുമായ യു. ഷറഫലി ഉദ്ഘാടനം ചെയ്തു. വളർന്നുവരുന്ന ഫുട്ബോൾ താരങ്ങളുടെ ഉന്നമനത്തിനായി ക്ലബ് നടത്തിവരുന്ന പ്രവർത്തനങ്ങളിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ ഒരു ഡ്രസ്സിംഗ് റൂമും ശുചിമുറിയും സ്പോർട്സ് കൗൺസിലിന്റെ സഹായത്തോടെ നിർമിച്ചു നൽകാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചുകൊണ്ടാണ് ഒരു കാലഘട്ടത്തിന്റെ ഇതിഹാസങ്ങൾ ഓരോരുത്തരായി മൈതാനത്തേക്ക് എത്തിയത്.
കോഴിക്കോട്ടുകാരനായ കൊല നാരായണൻ, പ്രേംനാദ് ഫിലിപ്പ്, സതീഷ് കസ്റ്റംസ്, അബുട്ടി അരീക്കോട്, വിനയൻ കോഴിക്കോട്, ദേവരാജു കോഴിക്കോട്, മാനുപ്പ നിലമ്പൂർ, തയ്യിൽ ഉമ്മർ മങ്കട, അഹമ്മദ്കുട്ടി മലപ്പുറം, തയ്യിൽ അബൂബക്കർ മങ്കട, പൂക്കോയ തങ്ങൾ മണ്ണാർക്കാട്, പെരിന്തൽമണ്ണക്കാരായ എ.ആർ. ചന്ദ്രൻ , മണ്ണേങ്ങൽ അസീസ്, പി. മുഹമ്മദലി, മമ്മാണി, പട്ടാണി ഷാഹുൽഹമീദ്, കരുവാത്ത് ഹസ്സൻ ,
ഹൈദർ കെ.ടി, താമരത്ത് മുഹമ്മതാലി, സോമസുന്ദരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് 50 വയസിന് മുകളിലുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രദർശന ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് പച്ചീരി ഫാറൂഖ് , യൂസഫ് രാമപുരം എന്നിവർ സംസാരിച്ചു.