മിച്ചഭൂമി കേസില്‍ തുടര്‍നടപടികള്‍ കളക്ടര്‍ ത്വരിതപ്പെടുത്തണമെന്ന്
1423989
Tuesday, May 21, 2024 7:18 AM IST
മലപ്പുറം: നിലമ്പൂര്‍ താലൂക്കിലെ കരുവാരകുണ്ട് വില്ലേജില്‍ മിച്ചഭൂമിയായി കണ്ടെത്തിയ 94.39 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡിലുള്ള കേസില്‍ വിചാരണ പൂര്‍ത്തിയാകുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ ത്വരിതപ്പെടുത്താനുള്ള ഇടപെടല്‍ ജില്ലാ കളക്ടര്‍ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്.
മിച്ചഭൂമി ലാന്‍ഡ് ബോര്‍ഡ് ഏറ്റെടുത്ത് തങ്ങള്‍ക്കു പതിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് വീടും സ്ഥലവുമില്ലാത്തവര്‍ സമര്‍പ്പിച്ച പരാതി തീര്പ്പാക്കിയാണ്കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴ്സണും ജൂഡീഷല്‍ അംഗവുമായ കെ. ബൈജുനാഥിന്റെ ഉത്തരവ്.
ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 94.39 ഏക്കര്‍ ഭൂമി ഇപ്പോള്‍ 93 കൈവശക്കാരുടെ കൈയിലാണെന്നും ഈ കൈവശക്കാര്‍ നിലവില്‍ നിലമ്പൂര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് മുമ്പാകെ എസ്ആര്‍ 119/97 പ്രകാരം കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ടെന്നും പറയുന്നു.
കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി ഉത്തരവ് വന്നാല്‍ മാത്രമേ ബാക്കി എത്ര മിച്ചഭൂമി ഏറ്റെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരുവാരക്കുണ്ട് പുല്‍വെട്ട സ്വദേശി വാസു സമര്‍പ്പിച്ച പരാതി തീര്‍പ്പാക്കി കൊണ്ടാണ് ഉത്തരവ്.