അങ്ങാടിപ്പുറത്ത് മാലിന്യം നീക്കം ചെയ്യാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു
1423279
Saturday, May 18, 2024 5:49 AM IST
അങ്ങാടിപ്പുറം: ക്ലീന്‍ കേരള കമ്പനിയുടെ അലംഭാവം കാരണം അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ ഖരമാലിന്യ സംഭരണ കേന്ദ്രത്തില്‍ വാടകക്കെടുത്ത സ്ഥലം മാലിന്യംകൊണ്ടു നിറഞ്ഞു കവിഞ്ഞു.
വീടുകളില്‍ നിന്നു ഹരിത കര്‍മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന ഖരമാലിന്യങ്ങള്‍ വലമ്പൂരില്‍ സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള സ്ഥലം വാടകക്കെടുത്താണ് പഞ്ചായത്ത് സംഭരണ കേന്ദ്രമായി ഉപയോഗിക്കുന്നത്. ഇവിടെ നിന്നു ക്ലീന്‍ കേരള കമ്പനിയാണ് ഖര മാലിന്യങ്ങള്‍ കൊണ്ടുപോകേണ്ടത്. ഈ സ്ഥാപനം വീഴ്ച വരുത്തിയാലും മറ്റൊരു സ്ഥാപനത്തിനും ഇവ കൊണ്ടു പോകുന്നതിനുള്ള കരാര്‍ ഏല്‍പ്പിക്കുവാന്‍ പഞ്ചായത്തിന് അനുമതിയില്ല.
സംഭരണ കേന്ദ്രത്തിലെ സ്ഥലം തികയാതെ പരിസരം ഒന്നാകെ മാലിന്യങ്ങള്‍ കൊണ്ടു നിറഞ്ഞു കവിഞ്ഞിരിക്കുന്നുവെന്നു മാത്രമല്ല ഇവിടെ ഇനി മാലിന്യം സംഭരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
കൂടുതല്‍ സ്ഥലം വാടകക്കെടുത്ത് സംഭരണ കേന്ദ്രത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കുവാന്‍ പഞ്ചായത്ത് നടത്തുന്ന ശ്രമങ്ങള്‍ക്കും ഭൂമി വിലയ്ക്ക് വാങ്ങി സ്വന്തം ഉടമസ്ഥതയിലുള്ള സംഭരണ കേന്ദ്രം ആരംഭിക്കാന്‍ പഞ്ചായത്ത് നടത്തുന്ന പരിശ്രമങ്ങള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് അനുകൂല നടപടി ഉണ്ടാകുന്നില്ല.
ഇതാണ് ഗുരുതരമായ പ്രശ്നം സൃഷ്ടിക്കുന്നതെന്നു പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ഷബീര്‍ കറുമുക്കില്‍ പറഞ്ഞു. മാലിന്യങ്ങള്‍ കൊണ്ടുപോകാന്‍ മറ്റു പല കമ്പനികളും തയാറാണെങ്കിലും ക്ലീന്‍ കേരള കമ്പനിക്ക് മാത്രമേ ഇവ നല്കാന് പാടുള്ളൂവെന്ന സര്‍ക്കാരിന്റെ പിടിവാശിയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ഷബീര്‍ കറുമുക്കില്‍ ചൂണ്ടിക്കാട്ടി.