പതിനൊന്നുകാരന്റെ ഇടപെടലില്‍ സഹോദരന് പുതുജന്മം
1417157
Thursday, April 18, 2024 5:50 AM IST
മഞ്ചേരി : പതിനൊന്നുകാരന്റെ അവസരോചിത പ്രവൃത്തിയില്‍ പതിമൂന്നുകാരനായ സഹോദരന് ലഭിച്ചത് സ്വന്തം ജീവന്.
മഞ്ചേരി പയ്യനാട് പിലാക്കല്‍ സ്വദേശികളായ മലേക്കളത്തില് പ്രകാശ്സുഷ ദമ്പതിമാരുടെ മകന് റിനില്‍ജിത്ത് ആണ് സഹോദരന് റിജില്‍ ജിത്തിനെ രക്ഷിച്ചത്. വീട്ടില്‍ കളിച്ചു കൊണ്ടിരിക്കയായിരുന്നു ഇരുവരും. പൂജാമുറിയിലെ ഫാനിന്റെ വയര്‍ മുറിഞ്ഞത് ദേഹത്ത് തട്ടി റിജില്‍ ജിത്തിന് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.
പരിഭ്രാന്തനായ റിനില്‍ജിത്ത് സഹോദരനെ പിടിച്ചതോടെ തെറിച്ചു വീണു. ഇവിടെ നിന്നു എണീറ്റ 11കാരന് വൈദ്യുതി വയര്‍ കൈ കൊണ്ടു തട്ടി മാറ്റി. അബോധാവസ്ഥയിലായ ചേട്ടന്റെ മുഖത്ത് വെള്ളം തളിച്ചുവെങ്കിലും ഫലം കണ്ടില്ല.
ഉടന്‍ റിജില്ജിത്തിന്റെ നെഞ്ചില്‍ കൈ കൊണ്ടു പലതവണ ശക്തമായി അമര്‍ത്തിയതോടെയാണ് പ്രതികരണമുണ്ടായത്. ഉടന്‍ നാട്ടുകാരെ വിളിച്ചു കൂട്ടി റിജില്‍ ജിത്തിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സഹോദരന് ജീവന് രക്ഷിച്ച 11 കാരനെ നാട്ടുകാര്‍ അഭിനന്ദിച്ചു.