ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ സൗഹൃദ സംഗമവും നോമ്പുതുറയും
1415328
Tuesday, April 9, 2024 7:09 AM IST
മക്കരപ്പറമ്പ്: പച്ചക്കറി ഭക്ഷണ വിഭവങ്ങളൊരുക്കി ക്ഷേത്രാങ്കണത്തിലെ ഊട്ടുപുരയില്‍ സംഘടിപ്പിച്ച നോമ്പുതുറ വേറിട്ട കാഴ്ചയായി. കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റാണ് മക്കരപ്പറമ്പ് ആറങ്ങോട്ട് ശിവക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ സൗഹൃദ സംഗമവും സമൂഹ നോമ്പുതുറയും നടത്തിയത്.
ഇരുപത്തിയേഴു വര്‍ഷമായി നടന്നു വരുന്ന മുതിര്‍ന്ന പൗരന്മാരുടെയും സ്ത്രീകള്‍ കുടുംബ നാഥരായിട്ടുള്ളവരുടെയും ഒത്തുചേരൽ കൂടിയാണ് സമൂഹനോമ്പുതുറ. മാസാന്ത്യം നടത്തുന്ന വയോജനങ്ങളുടെ സ്നേഹ സംഗമവും ഇതോടൊപ്പം നടന്നു. സാഹിത്യകാരി ഡെയ്സി മടത്തിശേരി ഉദ്ഘാടനം ചെയ്തു. ചെയര്മാന് അബ്ദുള്‍സലാം വെങ്കിട്ട അധ്യക്ഷനായിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹറാബി കാവുങ്ങല്‍, വൈസ് പ്രസിഡന്റ് റാബിയ അറക്കല്‍, ട്രസ്റ്റ് സെക്രട്ടറി എ.പി. രാമദാസ്, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സി. പ്രഭാകരന്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി അക്രം ചുണ്ടയില്‍, കൊളത്തൂര്‍ പ്രസ്ഫോറം പ്രസിഡന്റ് ഷമീര്‍ രാമപുരം, കെ. റഷീദ്, പി. രാജീവ്, പി.എ. അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.