പെരിന്തൽമണ്ണയിൽ 50 ബ്യൂട്ടി സ്പോട്ടുകൾ നിർമിക്കും
1300470
Tuesday, June 6, 2023 12:24 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭാ പരിധിയിൽ 50 ബ്യൂട്ടി സ്പോട്ടുകൾ നിർമിക്കും.
നഗരസഭയിലെ 34 വാർഡുകളിലും ഓരോ കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് വാർഡ് കൗണ്സിലറുടെയും സന്നദ്ധപ്രവർത്തകരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയും നഗരപ്രദേശങ്ങളിൽ നഗരസഭയുടെ നേതൃത്വത്തിലുമാണ് ബ്യൂട്ടിഫിക്കേഷൻ പ്രവർത്തനം നടത്തുക.
പരിസ്ഥിതിദിനത്തിൽ നഗരസഭ ഓഫീസ് പരിസരത്തു നിർമിക്കുന്ന ബ്യൂട്ടി സ്പോട്ടിൽ വൃക്ഷ തൈനട്ട് ചെയർമാൻ പി. ഷാജി ഉദ്ഘാടനം നിർവഹിച്ചു. ലെൻസ്ഫെഡ്, ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ, ഫയർ സ്റ്റേഷൻ, റസിഡൻസ് അസോസിയേഷൻ, വ്യാപാരി വ്യവസായ ഏകോപന സമിതി, വ്യാപാരി വ്യവസായ സമിതി, നഗരസഭയിലെ വിവിധ സ്കൂളുകൾ, കുടുംബശ്രീ തുടങ്ങി വിവിധ സന്നദ്ധ സംഘടനകളും മാതൃകാപരമായി ഓരോ കേന്ദ്രങ്ങൾ സൗന്ദര്യാത്മകമാക്കി നൽകാമെന്ന് നഗരസഭയെ അറിയിച്ചു. പ്രകൃതി സൗഹൃദമായി നിർമിക്കുന്ന സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും സമൂഹത്തിന്റെ ഉത്തരവാദിത്തമാകണമെന്നും ഓരോനാടിന്റെയും മുഖമായി ബ്യൂട്ടിസ്പോട്ടുകൾ മാറണമെന്നും ചെയർമാൻ പറഞ്ഞു.