പയർ സൗജന്യമായി എടുക്കാം.... കൃഷി ജീവിതമാക്കി അബ്ദുൾ സലാം
1297609
Saturday, May 27, 2023 12:21 AM IST
നിലന്പൂർ: കൃഷി ജീവിതമാക്കി അബ്ദുൾ സലാം മുന്നോട്ട്. ചാലിയാർ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് സ്വദേശി ആലുങ്ങത്തിൽ അബ്ദുൾ സലാം (65) ആണ് കൃഷി ജീവിതമാക്കി മാറ്റിയിരിക്കുന്നത്.
മൈലാടിപാടത്ത് ജൈവകൃഷിയിൽ വിളഞ്ഞു നിൽക്കുന്ന പാർവതി ഇനത്തിൽപ്പെട്ട പയർ സൗജന്യമായി നൽകുന്നു. ഒരു വ്യവസ്ഥ മാത്രം വരുന്നവർ പണം ഒന്നും നൽകേണ്ട, സ്വയം പറിച്ചെടുക്കണമെന്ന് മാത്രം. കപ്പ, ചേന, കാച്ചിൽ, വാഴ തുടങ്ങിയ നിരവധി കൃഷികളുമുണ്ടിവിടെ.
പഞ്ചായത്തിലെ പ്രധാനപ്പെട്ട നെൽകർഷകരിൽ ഒരാളാണ് അബ്ദുൾസലാം. മൈലാടിപാടത്ത് മൂന്നര ഹെക്ടർ സ്ഥലം പാട്ടത്തിനെടുത്താണ് അബ്ദുൾസലാം നെൽകൃഷി നടത്തുന്നത്. സംസ്ഥാന സർക്കാരിന്റെ മികച്ച പച്ചക്കറി കർഷകനുള്ള അവാർഡ് നേടിയിട്ടുള്ള നാലകത്ത് സിദിഖും ചേർന്നാണ് നെൽകൃഷി ചെയ്യുന്നത്. നെൽ വിളവെടുപ്പിന് ശേഷമാണ് വയനാട് അന്പലവയലിലെ കാർഷിക കേന്ദ്രത്തിൽ നിന്ന് സൗജന്യമായി ലഭിച്ച പാർവതി പയർ വിത്ത് ഉപയോഗിച്ച് ഇവിടെ പയർകൃഷി നടത്തിയത്.
പയറിന് പ്രതീക്ഷിച്ച വില ഇക്കുറിയില്ലെന്നു സലാം പറഞ്ഞു. തീർത്തും ജൈവരീതിയാലാണ് പയർ കൃഷി. മായമില്ലാത്ത പയർ എല്ലാവരും കഴിക്കട്ടെ അതിനാണ് സൗജന്യമായി പയർ പറിച്ചു കൊണ്ടുപോകാൻ അവസരം ഒരുക്കിയിട്ടുള്ളതെന്നും അബ്ദുൾസലാം പറഞ്ഞു. 22 വർഷം പ്രവാസിയായിരുന്ന ഈ കർഷകൻ കഴിഞ്ഞ 10 വർഷമായി കൃഷിയിൽ തന്നെയാണ്. കർഷക കുടുംബത്തിൽ ജനിച്ചതിനാൽ കുട്ടിക്കാലം മുതൽ കൃഷിയിൽ തൽപരനായിരുന്നു. കൃഷിയെ സ്നേഹിക്കുന്ന അബ്ദുൾ സലാം ജീവിതത്തിന്റെ ഏറിയ പങ്കും കൃഷിയിടത്തിലാണ് ചെലവഴിക്കുന്നത്. തന്റെ റബർ തോട്ടത്തിൽ പുലർച്ചെ മൂന്ന് മണിക്ക് ടാപ്പിംഗ് ആരംഭിക്കുന്നതു മുതലാണ് അബ്ദുൾ സലാമിന്റെ ഒരു ദിവസത്തെ ജോലികൾ ആരംഭിക്കുന്നത്. 12 കിലോമീറ്ററോളം സ്കൂട്ടറിൽ യാത്ര ചെയ്താണ് മുട്ടിയേലിലെ റബർ തോട്ടത്തിലെത്തുക. ടാപ്പിംഗ് നടത്തി പാൽ ശേഖരിച്ച് ഷീറ്റാക്കി എട്ടരയോടെ വീട്ടിലെക്കും. ഒന്പതു മണിയോടെ കൃഷിയിടത്തിലേക്ക്. ഇതു വൈകുന്നേരം ആറു വരെ നീളും. സംഭരിച്ച നെല്ലിന്റെ പണം കിട്ടാത്തതിനാൽ ആറു മാസ കാലയളവിൽ ബാങ്കിൽ നിന്നെടുത്ത വായ്പ യഥാസമയം അടക്കാൻ കഴിഞ്ഞിട്ടില്ല. കൃഷി ഉപജീവനമായി സ്വീകരിച്ചിട്ടുള്ള കർഷകർക്ക് സർക്കാർ സംഭരിക്കുന്ന കാർഷിക വിളകളുടെ പണം ഒരു മാസത്തിനുള്ളിൽ ലഭ്യമാക്കാൻ നടപടി എടുക്കണമെന്നാണ് സലാമിന് സർക്കാരിനോട് പറയാനുള്ളത്. ഏറെ പ്രതിസന്ധികളുണ്ടെങ്കിലും കൃഷിയിൽ പൂർണ സംതൃപ്തനാണ് മുൻ പ്രവാസി കൂടിയായ ഈ കർഷകൻ.