പരിമിതികളെ അതിജീവിച്ച നാജിയയുടെ വിജയത്തിന് തിളക്കമേറെ
1297379
Friday, May 26, 2023 12:32 AM IST
മഞ്ചേരി: കാഴ്ചാ പരിമിതി മറികടന്ന് ഈ വർഷത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ നാജിയ നേടിയ വിജയത്തിന് തിളക്കമേറെ. മഞ്ചേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ ഹ്യൂമാനിറ്റീസ് വിദ്യാർഥിനിയായ നാജിയ 97 ശതമാനം മാർക്കോടെ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് സ്കൂളിന്റെയും നാടിന്േറയും അഭിമാന താരമായത്.
എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ഈ മിടുക്കി എൻഎംഎംഎസ് സ്കോളർഷിപ്പിനും അർഹത നേടിയിരുന്നു. അക്കാദമിക മേഖലയിൽ മാത്രമല്ല അക്കാദമികേതര മേഖലകളിലും തന്റെ കഴിവ് തെളിയിച്ച നാജിയ 75 ശതമാനം കാഴ്ചവെല്ലുവിളി നേരിടുന്നുണ്ട്. ഈ വർഷത്തെ സംസ്ഥാനതല സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ കഥാകഥനം, കഥാരചന എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ പ്രാദേശിക ചരിത്രരചനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഈ മിടുക്കി ഈ വിഭാഗത്തിൽ പങ്കെടുത്ത ആദ്യ കാഴ്ച പരിമിതയാണ്. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടി അധ്യാപികയാവാനാണ് നാജിയയുടെ ആഗ്രഹം. മഞ്ചേരി പാപ്പിനിപ്പാറ സ്വദേശികളായ നൂറുദ്ദീൻ-റാബിയ ദന്പതികളുടെ മൂന്ന് മക്കളിൽ ഇളയ മകളാണ് നാജിയ.
മുർഷിദ് കുന്നത്തും തൊടി (പിഎച്ച്ഡി വിദ്യാർഥി), റിസ്വാൻ (മലപ്പുറം ഗവ. കോളജ് മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥി) എന്നിവരാണ് സഹോദരങ്ങൾ. ഇവരും നാജിയയെപ്പോലെ കാഴ്ച പരിമിതി നേരിടുന്നവരും പരിമിതികളെ അതിജീവിച്ച് പഠനത്തിൽ മികവ് തെളിയിച്ചു കൊണ്ടിരിക്കുന്നവരുമാണ്.