വെള്ളമില്ല; ആഢ്യൻപാറ ജലവൈദ്യുത കേന്ദ്രത്തിൽ ഉത്പാദനം നിലച്ചു
1281032
Sunday, March 26, 2023 12:09 AM IST
നിലന്പൂർ: കെഎസ്ഇബിയുടെ മലപ്പുറം ജില്ലയിലെ ഏക ജനറേറ്റിംഗ് സ്റ്റേഷനായ ആഢ്യൻപാറ ചെറുകിട ജല വൈദ്യുത പദ്ധതിയിൽ ഈവർഷം മികച്ച ഉത്പാദനമാണ് നടന്നതെങ്കിലും കഴിഞ്ഞ ഒരാഴ്ച്ചയായി ജലലഭ്യത ഇല്ലാത്തതിനെ തുടർന്ന് വൈദ്യുതി ഉത്പാദനം നിലച്ച അവസ്ഥയിൽ.
ഔദ്യോഗികമായി ഉത്പാദനം നിറുത്തി വച്ചിട്ടില്ല. വെള്ളത്തിന്റെ ലഭ്യതക്ക് അനുസരിച്ച് ജനറേറ്ററുകൾ പ്രവർത്തിപ്പിക്കും. പ്രതിവർഷ ഉത്പ്പാദന ലക്ഷ്യമായ 90,10,000 യൂണിറ്റ് (9.01) മറികടന്ന്, (9.04) 90,40,000 യൂണിറ്റ് ഉത്പാദിപ്പിക്കാനായിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷത്തെ നേട്ടത്തിലേക്ക് എത്തിയിട്ടില്ല. കടുത്ത വേനലാണ് ഇക്കുറി തിരിച്ചടിയായത്. ഏതു വേനലിലും നീരൊഴുക്കുണ്ടായിരുന്ന കാഞ്ഞിരപ്പുഴ വറ്റിയ നിലയിലാണ്. വേനൽമഴ ലഭിച്ചാൽ മാത്രമേ വൈദ്യുതി ഉത്പാദനം പുനരാരംഭിക്കാൻ കഴിയു. 2015 സെപ്തംബർ മൂന്നിന് കമ്മീഷൻ ചെയ്ത ഈ പദ്ധതി പ്രതിസന്ധികളെയെല്ലാം തരണം ചെയ്താണ് ഓരോ വർഷവും നേട്ടം കൈവരിക്കുന്നത്.
കഴിഞ്ഞ മഹാപ്രളയങ്ങളിൽ ജനറേറ്റിംഗ് സ്റ്റേഷനിലേക്കു വെള്ളം വരുന്ന തുരങ്ക മുഖവും മൂന്നു ജനറേറ്ററുകളും മണ്ണിനടിയിൽപ്പെട്ടു പോയിട്ടും കഠിനാധ്വാനം ചെയ്താണ് മുൻകാല ജീവനക്കാരും ഉദ്യോഗസ്ഥരും 2015 ൽ ആരംഭിച്ച ഈ പവർ സ്റ്റേഷനെ ജീവസുറ്റതാക്കിയത്. അനുകൂല കാലാവസ്ഥയും സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താനുള്ള ആസൂത്രണവും സമയാസമയങ്ങളിലെ അറ്റകുറ്റപ്പണികളും വാർഷിക ഉത്പാദന ലക്ഷ്യം വേഗത്തിൽ സാക്ഷാത്കരിക്കാൻ സഹായാകമായിട്ടുണ്ടെന്നു അസിസ്റ്റന്റ് എൻജിനീയർ പി.ആർ. ഗണദീപൻ അറിയിച്ചു.
ചാലിയാറിന്റെ കൈവഴിയായ കാഞ്ഞിരപ്പുഴക്ക് കുറകെ ഒരു ചെക്ക്ഡാം നിർമിച്ച് ഒരു കിലോമീറ്റർ തുരങ്കത്തിലൂടെ വെള്ളം കടത്തിവിട്ട് പെൻസ്റ്റോക്ക് പൈപ്പിലൂടെ പവർ ഹൗസിലെത്തിച്ച് പിന്നീട് വെള്ളം ആഢ്യൻപാറ ടൂറിസ്റ്റ് കേന്ദ്രമായ വെള്ളച്ചാട്ടത്തിലേക്ക് തിരിച്ചുവിടുന്നത് വിനോദ സഞ്ചാരികൾക്ക് നയന മനോഹരമായ കാഴ്ച കൂടിയാണ്.
ചെറുകിട ജലവൈദ്യുത പദ്ധതികൾ കാര്യക്ഷമവും ലാഭകരവുമാണെന്ന് തെളിയിക്കുന്നതാണ് മൂന്നര മെഗാവാട്ട് ശേഷി മാത്രമുള്ള ആഢ്യൻപാറ പദ്ധതിയുടെ ഈ നേട്ടം. 3.5 മെഗാവാട്ട് ശേഷിയുള്ള ആഢ്യൻപാറയിൽ 84,000 യൂണിറ്റ് വൈദ്യുതിയാണ് പരമാവധി ഒരു ദിവസത്തെ ഉത്പാദന ശേഷി. ഈ വർഷം 86,500 യൂണിറ്റിന് മുകളിൽ വരെ നിലയത്തിൽ ഉത്പാദിപ്പിക്കാൻ സാധിച്ചു.
1.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററും 0.5 മെഗാവാട്ടിന്റെ ഒരു ജനറേറ്ററുമാണ് പവർ ഹൗസിലുള്ളത്. കനത്ത മഴയുള്ള സമയത്ത് മൂന്നു ജനറേറ്ററും പ്രവർത്തിക്കും. മാർച്ച് മാസത്തിൽ 0.5 മെഗാവാട്ടിന്റെ ജനറേറ്ററാണ് പ്രവർത്തിപ്പിച്ചിരുന്നത്.