കാളികാവ് ബ്ലോക്ക് പഞ്ചായത്തിനു മിച്ച ബജറ്റ്
1279769
Tuesday, March 21, 2023 11:21 PM IST
കാളികാവ്: പാർപ്പിട മേഖലയ്ക്ക് ഉൗന്നൽ നൽകി 2023-2024 ലെ കാളികാവ് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക ബജറ്റ് അവതരിപ്പിച്ചു. 43,05,03,488 രൂപ വരവും 42,81,93,800 രൂപ ചെലവും 23,09,688 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബി വർഗീസ് ആണ് അവതരിപ്പിച്ചത്. നടപ്പു വർഷം പദ്ധതി വിഹിതം പൂർണമായി ചെലവഴിക്കാനാകില്ല എന്ന വിമർശനം നിലനിൽക്കെയാണ് അടുത്ത സാന്പത്തിക വർഷത്തേക്കുള്ള ബജറ്റ് വിശദമായ ചർച്ചക്ക് വേണ്ടി അവതരിപ്പിച്ചത്.
പുതിയ വർഷാരംഭത്തിനു മുന്പ് ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗീകാരം നൽകുകയും സാന്പത്തിക വർഷാരംഭത്തിൽ തന്നെ പദ്ധതികൾ നടപ്പാക്കുകയുമാണ് ലക്ഷ്യം. പാർപ്പിട മേഖലയ്ക്ക് 1,43,02,400 രൂപയും റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി 15 ലക്ഷം രൂപ, വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് 62,18,700, വയോജനങ്ങളുടെ ക്ഷേമത്തിന് 31,09,350, കുടിവെള്ള മേഖലയ്ക്ക് 58 ലക്ഷം, കാർഷിക മേഖലയ്ക്ക് 20,50,000, ക്ഷീരമേഖലയ്ക്ക് 40 ലക്ഷം, ഭിന്നശേഷി മേഖലയ്ക്ക് 60 ലക്ഷം, സ്കൂളുകൾ, ഗവണ്മെന്റ് ഓഫീസുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ കിച്ചണ് ഡൈജസ്റ്റർ ബിൻ വിതരണം ചെയ്യൽ പദ്ധതിയ്ക്ക് 27,91,000, പൊതുജനാരോഗ്യ മേഖലയിൽ 42 ലക്ഷം, സിഎച്ച്സികളുടെ സമഗ്ര വികസനത്തിന് 97,05,000 രൂപയും പട്ടികജാതി-വർഗ മേഖലയ്ക്ക് 46.5 ലക്ഷം രൂപ എന്നിങ്ങനെ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.കെ മുഹമ്മദാലി, എം. ലത്തീഫ്, റഫീഖ മറ്റത്തൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മെംബർമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.വി. ശ്രീകുമാർ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു.