വൈലോങ്ങര -ഒരാടംപാലം ബൈപാസ്: മണ്ണ് പരിശോധന തുടങ്ങി
1243540
Sunday, November 27, 2022 3:43 AM IST
പെരിന്തൽമണ്ണ: വൈലോങ്ങര -ഒരാടംപാലം ബൈപ്പാസ് പുതുക്കിയ അലൈൻമെന്റ് പ്രകാരം സ്ഥലത്ത് മണ്ണു പരിശോധന ആരംഭിച്ചു. അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിനു പരിഹാരമാകുന്ന ഓരാടംപാലം - വൈലോങ്ങര ബൈപ്പാസിന്റെ പുതുക്കിയ അലൈൻമെന്റ് ആർബിഡിസികെ, കിറ്റ്കോ ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം പരിശോധന നടത്തിയതിന്റെ ഭാഗമായാണ് പദ്ധതിയുടെ ഭാഗമായുള്ള സ്ഥലങ്ങളിൽ ഇന്നലെ മണ്ണു പരിശോധന തുടങ്ങിയത്. പുതുക്കിയ അലൈൻമെന്റിനു കിഫ്ബി നേരെത്തെ അംഗീകാരം നൽകിയിരുന്നു.
മണ്ണു പരിശോധനക്ക് ശേഷമുള്ള മറ്റു സാങ്കേതിക പരിശോധനകൾ ഉടൻ പൂർത്തിയാക്കുമെന്നു മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു. 2016 -ൽ ഭരണാനുമതി നൽകി കിഫ്ബി മുഖാന്തരം നടപ്പാക്കുമെന്നു പ്രഖ്യാപിച്ച ബൈപ്പാസ് നിർമാണം ഉടൻ നടപ്പാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകരും വാഹനയാത്രികരും. വൈലോങ്ങര കുതിരപാലത്തിനു സമീപം ആരംഭിക്കുന്ന ബൈപ്പാസ് റോഡ് ഒരാടംപാലത്തിനു സമീപമാണ് അവസാനിക്കുക, കെട്ടിടങ്ങൾ പോകാതെയുള്ള പുതിയ അലൈമെന്റിൽ ഈ ഭാഗങ്ങളിലെ ഭൂവുടമകളും ഏറെ സന്തോഷത്തിലാണ്.