മഞ്ചേരി ഉപജില്ല കലാവിരുന്നിന് തിരിതെളിഞ്ഞു
1242173
Tuesday, November 22, 2022 12:17 AM IST
മഞ്ചേരി : മഞ്ചേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിനു മഞ്ചേരി ജിബിഎച്ച്എസ്എസിൽ തിരിതെളിഞ്ഞു. മുവായിരത്തിലധികം കലാപ്രതിഭകൾ മാറ്റുരക്കുന്ന പരിപാടി അഡ്വ. യു.എ ലത്തീഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
284 ഇനങ്ങളുമായി പത്തു വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
ഉപജില്ലയിലെ സർക്കാർ, എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നായി പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നിന്നുള്ള കൗമാരകലാ പ്രതിഭകളാണ് പങ്കെടുക്കുന്നത്. ബോയ്സ് സ്കൂളിന് പുറമേ, എൻഎസ്എസ് ഓഡിറ്റോറിയം, ബോയ്സ് സ്കൂൾ ഗ്രൗണ്ട്, മുനിസിപ്പൽ ടൗണ്‍ഹാൾ, ബിഇഎംഎൽപി സ്കൂൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. നഗരസഭാധ്യക്ഷ വി.എം സുബൈദ അധ്യക്ഷത വഹിച്ചു.
സംസ്ഥാനതല ശാസ്ത്രോത്സവത്തിൽ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ മാനദേവൻ യുപി സ്കൂൾ അധ്യാപകൻ പി. ഷാജി, മഞ്ചേരി ബോയ്സ് സ്കൂൾ അധ്യാപകൻ ഇല്യാസ് പെരിന്പലം എന്നിവരെ ചടങ്ങിൽ ആദരിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ടി.എം നാസർ, മരുന്നൻ മുഹമ്മദ്, കൗണ്‍സിലർ പ്രേമാ രാജീവ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്.സുനിത, ബോയ്സ് സ്കൂൾ പ്രിൻസിപ്പൽ രജനി മാത്യു, ടി.കെ ജോഷി, എം.പി സുധീർബാബു, കെ. ജയരാജ്, ഉദയകുമാർ, ടി.എച്ച് കരീം, സാജിദ് മൊക്കൻ, കെ. അജ്മൽ തൗഫീഖ്, ടി.എം മുഹമ്മദ് ഷബീർ, എം. ഇർഷാദ്, കെ.രാജീവ് സംബന്ധിച്ചു.