ശമ്പള പരിഷ്കരണം സമയബന്ധിതമായി നടപ്പാക്കണം: ജോയിന്റ് കൗൺസിൽ
1569169
Saturday, June 21, 2025 6:44 AM IST
വെഞ്ഞാറമ്മൂട് : സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സമയബന്ധിതമായി നടപ്പാക്കാൻ കേരളത്തിലെ ഇടതുപക്ഷ സർക്കാർ തയാറാകണമെന്ന് ജോയിന്റ് കൗൺസിൽ വാമനപുരം മേഖലാ കൺവൻഷൻ ആവശ്യപ്പെട്ടു.
വെഞ്ഞാറമ്മൂട് സി.കെ. ചന്ദ്രപ്പൻ സ്മാരക ഹാളിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.കെ. മധു പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ ആവശ്യങ്ങൾക്ക് സർക്കാർ മുൻഗണന നിശ്ചയിക്കണമെന്നും കുടിശികയായ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഞ്ചുവർഷം കൂടുമ്പോൾ പരിഷ്കരിക്കേണ്ട ശമ്പള പരിഷ്കരണ തീയതി 2024 ജൂലൈ ആയിരുന്നു. ഒരു വർഷം പിന്നിട്ടിട്ടും ശമ്പളപരിഷ്കരണം പ്രഖ്യാപിക്കാത്തത് ജീവനക്കാരിൽ അസംതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജോയിന്റ് കൗൺസിൽ വാമനപുരം മേഖലാ ട്രഷറർ ദീപക് സി.നായർ അധ്യക്ഷത വഹിച്ചു. നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് എം.പിള്ള, ജില്ലാ കമ്മിറ്റി അംഗങ്ങളായ നിഖിൽ, പ്രവീൺകുമാർ, ബിനു കുമാർ, മേഖലാ സെക്രട്ടറി ശ്രീജിത്ത്.ജി, വനിതാ കമ്മറ്റി പ്രസിഡന്റ് ഷിനിമോൾ എന്നിവർ പ്രസംഗിച്ചു.
ജീവനക്കാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ ഒന്നിന് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും നടത്തുന്ന മാർച്ചും ധർണയും വിജയിപ്പിക്കാൻ പ്രവർത്തക കൺവൻഷൻ തീരുമാനിച്ചു.