മന്ത്രി വി. ശിവന്‍കുട്ടിയുടെ ഓഫീസിനുമുന്നില്‍ ബിജെപി മാര്‍ച്ച്, സംഘര്‍ഷാവസ്ഥ
1569410
Sunday, June 22, 2025 6:33 AM IST
നേമം: ഭാരതാംബയെ അവഹേളിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ മന്ത്രി വി.ശിവന്‍കുട്ടി പാപ്പനംകോട് ഓഫീസിനുമുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പാപ്പനംകോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരമായിരുന്നു പ്രതിഷേധമാര്‍ച്ച്.
ദേശീയപാതയില്‍ കൈമനത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് പാപ്പനംകോട് ജംഗ്ഷനിലെ മന്ത്രിയുടെ ഓഫീസിനുമുന്നില്‍ സമാപിച്ചു. പ്രവര്‍ത്തകര്‍ ഭാരതാംബയുടെ ഫോട്ടോയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചനയും നടത്തി.
യോഗത്തിനുശേഷം മന്ത്രിയുടെ ഓഫീസിലേക്ക്തള്ളി കയറാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.
തുടര്‍ന്ന് ഓഫീസിനുമുന്നില്‍ തമ്പടിച്ച സിപിഎം പ്രവര്‍ത്തകര്‍ ബിജെപി വിരുദ്ധ മുദ്രവാക്യങ്ങളുയര്‍ത്തി. ഇതിനിടയില്‍ ബിജെപി പ്രവര്‍ത്തകര്‍ പോലീസുമായി ഉന്തും തള്ളുമായി. ബിജെപി പ്രതിഷേധത്തെ തുടര്‍ന്ന് ഫോര്‍ട്ട് എസിയുടെ നേതൃത്വത്തില്‍ ശക്തമായ പോലീസ് സന്നാഹം ഓഫീസിനുമുന്നില്‍ ഒരുക്കിയിരുന്നു.
സിപിഎം പ്രവര്‍ത്തകര്‍ മന്ത്രിയുടെ വലിയ കട്ടൗട്ട് ഉയര്‍ത്തിയാണ് പ്രതിഷേധത്തെ നേരിട്ടത്.
തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ മന്ത്രിയുടെ കട്ടൗട്ടുമായി പാപ്പനംകോട് ദേശീയപാതയില്‍ പ്രകടനം നടത്തി. പരസ്പരം കൂകി വിളികളും നടന്നു. അഞ്ച് മണിയോടെ ആരംഭിച്ച സംഘര്‍ഷാവസ്ഥ രാത്രി എട്ടരയോടെയാണ് അവസാനിച്ചത്.