അനുമോദന സദസ് ശ്രദ്ധേയമായി
1569740
Monday, June 23, 2025 6:40 AM IST
നെയ്യാറ്റിന്‍കര: തെങ്ങുകയറ്റ തൊഴിലാളിയായ അച്ഛന്റെ നിര്‍ബന്ധത്താല്‍ ബാല്യത്തിലേ വായനയോട് അടുപ്പം ആരംഭിച്ച് നിലവില്‍ ഡോക്ടറേറ്റു നേടിയ മലയാളം സ്കൂള്‍ അധ്യാപിക..! മത്സരങ്ങള്‍ക്കും മറ്റും കൊണ്ടുപോവുകയും പുസ്തകങ്ങളോടുള്ള ആഭിമുഖ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്ത മുത്തശ്ശന്റെ നല്ലോര്മകള് പങ്കുവച്ച പത്താം ക്ലാസിലെ മുഴുവന്‍ എ പ്ലസ് നേട്ടത്തിനുടമയായ പ്ലസ് വണ്‍ വിദ്യാര്‍ഥി...
പഠനകാര്യങ്ങളില്‍ മാതാപിതാക്കളുടെ പിന്തുണയും വിദ്യാഭ്യാസം മികവോടെ പൂര്‍ത്തിയാക്കണമെന്ന കരുതലോടെയുള്ള ഓര്‍മപ്പെടുത്തലുമൊക്കെ നിറകണ്ണീരോടെ വെളിപ്പെടുത്തിയ വിവിധ പരീക്ഷാ ജേതാക്കള്‍... കിടാരക്കുഴി ജവഹര്‍ സ്മാരക ഗ്രന്ഥശാലയില്‍ ഇന്നലെ സംഘടിപ്പിച്ച അനുമോദന സദസ് പുതുതലമുറയിലെ പ്രതിഭകളുടെ ഹൃദയസ്പര്‍ശിയായ വാക്കുകളാല്‍ കൂടുതല്‍ ശ്രദ്ധേയമായി.
ഡോ. സുമ, ഡോ. അഞ്ജന പ്രസാദ്, ഡോ. എസ്.എസ്, അശ്വതി, ഡോ. എം.പി. സൂര്യപ്രഭ, എസ്.എസ് ശ്രേയ, ഡി. മിഥുന്, എസ്.ആര്. സാന്ദ്ര, എസ്.എ. ആരതി, എസ്.പി. അനന്തു, വി.കെ. വിസ്മയ, ആര്. ഭവ്യ, ബി. ദയനന്ദ, പി.എസ്. നയന, എം.എസ്. അനുശ്രീ, എസ്. അശ്വനി, ആര്.എസ്. അക്ഷയ, ആര്.എസ്. അഖില, പി. നവനീത് എന്നിവരെയാണ് അനുമോദിച്ചത്. ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. കെ. ജയചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം മാധ്യമപ്രവര്‍ത്തകനും മോട്ടിവേറ്ററുമായ ഗിരീഷ് പരുത്തിമഠം ഉദ്ഘാടനം ചെയ്തു.
അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗവുമായ ബി.ബി. സുനിതാറാണി, കഥാകൃത്ത് സതീഷ് കിടാരക്കുഴി, വൈഷ്ണവി, ഗ്രന്ഥശാല ഭാരവാഹികളായ കെ.ബി. ചന്ദ്രമോഹന്, എസ്. രാജാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.വായന വാരാഘോഷങ്ങളുടെ ഭാഗമായി പ്രശ്നോത്തരി, പി.എന്‍ പണിക്കര്‍ അനുസ്മരണം എന്നിവയും നടന്നു.