സെൻട്രൽ ജയിലിലെ "കണ്ണൂർ സ്ക്വാഡ്’
അനുമോൾ ജോയ്
കണ്ണൂർ പോലീസിലെ അന്വേഷണസംഘത്തിനാണ് "കണ്ണൂർ സ്ക്വാഡ്' എന്ന വിശേഷണം. ഈ കണ്ണൂർ സ്ക്വാഡിൽ പോലീസ് മാത്രമെങ്കിൽ കണ്ണൂർ സെൻട്രൻ ജയിലിലെ "കണ്ണൂർ സ്ക്വാഡിൽ' ജയിൽപ്പുള്ളികളും ജയിൽ ജീവനക്കാരുമുണ്ട്.
എന്നാൽ, ജയിലിലെ കണ്ണൂർ സ്ക്വാഡ് കേസന്വേഷിക്കില്ല, പാട്ട് പാടും. തടവുകാരും ഉദ്യോഗസ്ഥരും ചേർന്ന് 17 അംഗ ടീം ഉൾപ്പെടുന്ന ഒരു മ്യൂസിക് ട്രൂപ്പ് കണ്ണൂർ സെൻട്രൽ ജയിലിലുണ്ട്. അതിന്റെ പേരാണ് "കണ്ണൂർ സ്ക്വാഡ്'.
മനസിനു വേണ്ടി സംഗീതം
തടവുകാരുടെയും ഉദ്യോഗസ്ഥരുടെയും മാനസിക സമ്മർദം കുറയ്ക്കാനായി ഒരു സംഗീത ട്രൂപ്പ് തുടങ്ങണമെന്ന ആശയം ആദ്യം ഉദിച്ചത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് കെ. വേണുവിനാണ്. തന്റെ സഹപ്രവർത്തകരോട് ഇക്കാര്യം പറഞ്ഞപ്പോൾ അവർക്കെല്ലാം നൂറുവട്ടം സമ്മതം.
അങ്ങനെ ഇക്കഴിഞ്ഞ മലയാള ഭാഷാ ദിനത്തിൽ "കണ്ണൂർ സ്ക്വാഡ്' എന്ന പേരിൽ സംഗീത ട്രൂപ്പിന് തുടക്കമായി. പഴയതും പുതിയതുമായ നിരവധി ഗാനങ്ങൾ പാടിയാണ് തുടക്കം കുറിച്ചത്. ജയിൽ ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും കൂട്ടായ്മയുടെ ഫലമായതുകൊണ്ടാണ് "കണ്ണൂർ സ്ക്വാഡ്' എന്ന പേരിട്ടതെന്ന് സൂപ്രണ്ട് കെ. വേണു പറഞ്ഞു.
കഴിഞ്ഞദവിസം സെൻട്രൽ ജയിൽ ഗ്രൗണ്ടിൽ നടന്ന ജയിൽ സ്പോർട്സ്മീറ്റിന്റെ ഉദ്ഘാടനവേളയിൽ പാട്ടുകൾ പാടി ട്രൂപ്പിന് തുടക്കം കുറിച്ചു. മീറ്റ് കാണാൻ വന്ന കാണികൾ നിറകൈയടികളോടെയാണ് സംഗീത ട്രൂപ്പിനെ സ്വീകരിച്ചത്. സിനിമാ ഗാനങ്ങളും മാപ്പിള പാട്ടുകൾ കൊണ്ട് ജയിലിനെ ഈ സ്ക്വാഡ് സംഗീത സാന്ദ്രമാക്കുകയാണ്.
ഇടവേളകളിൽ പരിശീലനം
ജയിലിലെ പണികൾക്കിടയിൽ കിട്ടുന്ന ഇടവേളകളിലാണ് തടവുകാരും ജയിൽ ജീവനക്കാരും പരിശീലനം നടത്തുന്നത്. ഉച്ചയ്ക്ക് ശേഷം വിശ്രമിക്കാനുള്ള സമയമാണ് കൂടുതലായും തെരഞ്ഞെടുക്കുന്നത്.
ജയിലിലെ സ്കൂളിനുള്ളിൽ ഒരു മണിക്കൂറാണ് പരിശീലനം. അസിസ്റ്റന്റ് സൂപ്രണ്ട് രമേഷ് ബാബു, ജയിൽ ജീവനക്കാരായ എ.കെ. ഷിനോജ്, ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്.
ഏഴ് ഉദ്യോഗസ്ഥരും പത്തു തടവുകാരുമാണ് ട്രൂപ്പിലുള്ളത്. തടവുകാരിൽ മാപ്പിളപ്പാട്ടിൽ സ്കൂൾ കലോത്സവങ്ങളിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവരും സംഗീതം പഠിച്ചവരും ഈ ട്രൂപ്പിലുണ്ടെന്ന് സുപ്രണ്ട് കെ. വേണു പറഞ്ഞു.
ഇപ്പോൾ ട്രൂപ്പിലുള്ള തടവുകാരിൽ കുറച്ച് പേർ ജയിൽ മോചിതരായി പോയിട്ടുണ്ട്. ഇവർക്ക് പകരം ആളുകളെ തെരഞ്ഞെടുക്കണം. പുതുതായി വന്ന തടവുകാരിൽ പാട്ടുപാടാൻ താത്പര്യമുള്ളവരെ കണ്ടെത്തുമെന്ന് രമേഷ് ബാബു പറഞ്ഞു.
ഉദ്യോഗസ്ഥരാണ് തടവുകാർക്ക് പാട്ടുകൾ കേൾപ്പിച്ച് കൊടുക്കുന്നതും പഠിക്കാനായി വരികൾ എഴുതി നൽകുന്നതും. ജോലി സ്ഥലങ്ങളിലും മറ്റും പാടി തടവുകാർ പാട്ടിന്റെ വരികൾ ഉറപ്പിക്കും. ന്യൂജെൻ പാട്ടുമുതൽ പഴയകാല പാട്ടുകൾ വരെ പാടുന്നുണ്ട്.
നിലവിൽ ജയിലിൽ നടക്കുന്ന ക്രിസ്മസ്, പുതുവത്സ പരിപാടികൾക്കായുള്ള പരിശീലനത്തിനുള്ള തയാറെടുപ്പിലാണ് കണ്ണൂർ സ്ക്വാഡ്.
കണ്ണൂർ സ്ക്വാഡിൽ ഓർക്കസ്ട്രയും
നിലവിൽ കരോക്കെ വച്ചാണ് ടീം പാട്ടുകൾ പാടുന്നത്. എന്നാൽ, വൈകാതെ ഓർക്കസ്ട്ര കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് അധികൃതർ. തടവുകാരിൽ തബല, ഓടക്കുഴൽ, ചെണ്ട തുടങ്ങി നിരവധി ഉപകരണങ്ങൾ വായിക്കാൻ കഴിവുള്ളവരുണ്ട്.
അവരെ കണ്ടെത്തി കണ്ണൂർ സ്ക്വാഡിന്റെ ഭാഗമാക്കും. ഉദ്യോഗസ്ഥരെയും ഓർക്കസ്ട്ര ടീമിന്റെ ഭാഗമാക്കും. നിലവിൽ ജയിൽ ആഘോഷങ്ങളിൽ മാത്രമാണ് പരിപാടികൾ അവതരിപ്പിക്കുന്നതെങ്കിലും പതിയെ പതിയെ ജയിലിന് പുറത്തേക്കും പരിപാടികൾ നടത്താനുള്ള തയാറെടുപ്പിലാണ് അധികൃതർ.
ജയിലിലെ തടവുകാരുടെയും ഉദ്യോഗസ്ഥരുടെയും മാനസിക സമ്മർദം കുറയ്ക്കുകയും ജയിൽ കഴിയുന്നതിന്റെ വിരസത ഇല്ലാതാക്കാനുമാണ് ഇത്തരത്തിൽ ഒരു സംഗീത ട്രൂപ്പിന് തുടക്കം കുറിച്ചതെന്ന് സൂപ്രണ്ട് കെ. വേണു പറഞ്ഞു.