അരുംകൊല -2
Saturday, November 30, 2024 2:55 PM IST
കൊലപാതകം നടത്തുന്നതിന് ഒരാഴ്ച മുന്നേ റഫീക്കാബീവിയും മകൻ ഷെഫീക്കും മകന്റെ സുഹൃത്ത് അൽ അമീനും ഉൾപ്പെടുന്ന മൂവർസംഘം കാര്യങ്ങൾ ആസൂത്രണം ചെയ്തിരുന്നു. മൂവരുടെയും വസ്ത്രങ്ങൾ പാലക്കാടുള്ള അൽ അമീന്റെ വീട്ടിൽ എത്തിച്ചു.
തങ്ങൾ വീട് ഒഴിഞ്ഞു പോകുന്നുവെന്ന് അയൽക്കാരെ ബോധ്യപ്പെടുത്തുന്നതിനായി വീട്ടുപകരണങ്ങളിൽ പലതും ശാന്തകുമാരി ഉൾപ്പെടെയുള്ള അയൽക്കാർക്കായി നൽകി. കട്ടിൽ, പാത്രങ്ങൾ, ഡപ്പ, മേശ എന്നിവ ശാന്തകുമാരിക്കും ഫ്രിഡ്ജ്, ഗ്യാസ് സ്റ്റൗ ഉൾപ്പെടെയുള്ള ചില ഗൃഹോപകരണങ്ങൾ അയൽവീടുകളിലും കൊടുത്തു.
കൊലപാതകം നടക്കുന്ന അന്ന് രാവിലെ എട്ടിന് ശാന്തകുമാരി റഫീക്കാബീവിയുടെ വീട്ടിൽ പുളി പെറുക്കാനായി ചെന്നിരുന്നു. അത് അയൽക്കാരിൽ ചിലർ കണ്ടതാണ്. അതിനുശേഷം റഫീക്കാബീവി ശാന്തകുമാരിയുടെ അടുത്തേക്ക് ചെന്നു.
തങ്ങൾ രണ്ടു ദിവസത്തിനകം പോകുമെന്നും കുറച്ചു വീട്ടുപകരണങ്ങൾ കൂടി ബാക്കിയുണ്ടെന്നും ആവശ്യമുള്ളത് എടുക്കാമെന്നും പറഞ്ഞ് അവരെ ആ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
കൊലയിലേക്ക്...
മറ്റൊന്നും ആലോചിക്കാതെ ശാന്തകുമാരി അവർക്കൊപ്പം ആ വാടക വീട്ടിലേക്ക് ചെന്നു. ശാന്തകുമാരി അകത്തേക്ക് കയറിയ സമയം ഷെഫീക്കും അൽ അമീനും ചേർന്ന് ഒരു മുണ്ടിന്റെ കഷണം അവരുടെ കഴുത്തിൽ ചുറ്റി ഇരു വശത്തേക്കും വലിച്ച് ശ്വാസം മുട്ടിച്ചു.
പകച്ചുപോയ ശാന്തകുമാരി അർധബോധാവസ്ഥയിൽ അവിടെയുണ്ടായിരുന്ന കട്ടിലിലേക്ക് ഇരുന്നു. ഈ സമയം റഫീക്കാബീവി കൈയിൽ കരുതിയ ചുറ്റിക എടുത്ത് ശാന്തകുമാരിയുടെ തലയ്ക്കടിച്ചു. ഇതോടെ ശാന്തകുമാരിയുടെ ബോധം പൂർണമായും മറഞ്ഞു.
ഈ സമയം അൽ അമീൻ ആ ചുറ്റിക വീണ്ടും എടുത്ത് തലയ്ക്ക് ഇരുവശത്തുമായി രണ്ടു തവണ കൂടി അടിച്ച് മരണം ഉറപ്പാക്കി. പൊങ്ങംമൂടിലെ ഒരു ഹോട്ടലിൽ ജോലിക്കു നിന്നിരുന്ന ഷെഫീക്കിനെ കൊലപാതകം നടത്താനായി അന്ന് രാവിലെ ആ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
തുടർന്ന് മൂവരും ചേർന്ന് ശാന്തകുമാരിയുടെ രണ്ട് വള, ഒരു ജോഡി കമ്മൽ, സ്വർണമാല, മോതിരം എന്നിവ ഉൾപ്പെടെ 44.21 ഗ്രാം സ്വർണം കവർന്നെടുത്തു. അതിനുശേഷം ശാന്തകുമാരിയുടെ സാരി കഴുത്തിലൂടെയും കൈകൾക്കിടയിലൂടെയും ചുറ്റിയ ശേഷം അൽ അമീൻ മച്ചിന്റെ മുകളിലേക്ക് കയറി മൃതദേഹം അതിലൂടെ പൊക്കി തട്ടിലേക്ക് ഇട്ടു. ശേഷം തറയിലെ ചോരപ്പാടുകൾ തുടച്ചു വൃത്തിയാക്കി.
ചോരപുരണ്ട വസ്ത്രങ്ങൾ അവിടെനിന്ന് നീക്കി. മുറി പൂട്ടാതെ ബാഗുകളുമെടുത്ത് മൂവരും അവിടെനിന്ന് സ്ഥലം വിട്ടു. ഇവർ പോകുന്നത് അയൽക്കാർ കണ്ടെങ്കിലും ആർക്കും ഒരു സംശയവും തോന്നിയില്ല.
കവർന്ന സ്വർണത്തിൽനിന്ന് കുറച്ചു ഭാഗം വിഴിഞ്ഞത്തെ ഒരു സ്വർണക്കടയിൽ വിറ്റു. കിട്ടിയ രൂപ കൊണ്ട് തന്പാനൂരെത്തി അവിടെ മുറിയെടുത്തു. രാത്രി തന്നെ അവിടെ വിട്ടു പോകാനായിരുന്നു പ്ലാൻ. തുടർന്ന് ട്രാവൽ ഏജൻസിയിലെത്തി ബസ് ടിക്കറ്റെടുത്തു.
സാഹചര്യത്തെളിവുകൾ മാത്രം
ദൃക്സാക്ഷികളൊന്നും ഇല്ലായിരുന്നെങ്കിലും സാഹചര്യത്തെളിവുകൾ ശക്തമായിരുന്നു. കൊല്ലപ്പെട്ട ശാന്തകുമാരി അവസാന സമയം വരെ ഇവർക്കൊപ്പം ഉണ്ടായിരുന്നുവെന്ന് പ്രതികൾ തന്നെ കുറ്റസമ്മതം നടത്തിയത് കേസിലെ നിർണായക തെളിവായി. പ്രതികളെ പാലക്കാട് അൽ അമീന്റെ വീട്ടിൽ എത്തിച്ച് വസ്ത്രങ്ങൾ അവിടെനിന്ന് അന്വേഷണ സംഘം കണ്ടെത്തി.
റഫീക്കാബീവി അയൽക്കാർക്കും ശാന്തകുമാരിക്കും നൽകിയ വീട്ടുപകരണങ്ങളും പോലീസിന് കണ്ടെത്താനായി. സ്വർണം വിൽക്കാനായി പ്രതികൾ എത്തിയ സ്വർണക്കടയിലെ സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ സിഡിആറും ടവർ ലൊക്കേഷനുമെല്ലാം കുറ്റകൃത്യം നടത്തിയത് ഇവർതന്നെ എന്നു സമർഥിക്കുന്നതിനുള്ള മതിയായ തെളിവുകളായിരുന്നു.
ശാന്തകുമാരി റഫീക്കാബീവിക്കൊപ്പം നടന്നു പോകുന്നത് കണ്ടവർ വൃദ്ധ കൊല്ലപ്പെട്ടപ്പോൾ ധരിച്ച വസ്ത്രം പോലും തിരിച്ചറിയുകയുണ്ടായി. ഇതെല്ലാം കുറ്റകൃത്യം നടത്തിയത് മൂവർ സംഘം തന്നെയാണെന്നതിന് ബലമുള്ള തെളിവുകളായി.
തെളിവുകൾ എത്തിച്ചത് മറ്റൊരു കൊലപാതകത്തിലേക്കും
ശാന്തകുമാരി കൊലക്കേസിൽ ഇൻസ്പെക്ടർ പ്രജീഷും സംഘവും പ്രതികളെ ചോദ്യം ചെയ്യുന്നതിനിടെ ഇവർ നടത്തിയ മറ്റൊരു കൊലപാതകക്കേസിന്റെ കൂടി ചുരുൾ അഴിയുകയുണ്ടായി.
2021 ജനുവരി 13ന് കോവളം പോലീസ് സ്റ്റേഷൻ പരിധിയിൽ പനങ്ങാട് എന്ന സ്ഥലത്ത് 14കാരിയായ പെണ്‍കുട്ടി മരിച്ചത് കൊലപാതകമാണെന്നും ഇതിനു പിന്നിൽ റഫീക്കാബീവിയും മകൻ ഷെഫീക്കുമാണെന്ന് മൊഴി ലഭിച്ചു.
പ്രതികളെ ചോദ്യം ചെയ്യുന്നതിനിടെ അന്ന് കോവളം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥയായിരുന്ന വിജിത വിഴിഞ്ഞം പോലീസ് സ്റ്റേഷനിലുണ്ടായിരുന്നു. അമ്മയെയും മകനെയും പെണ്‍കുട്ടിയുടെ മരണത്തെ തുടർന്ന് ചോദ്യം ചെയ്തിരുന്നുവെന്ന് വിജിത ഇൻസ്പെക്ടറെ അറിയിച്ചു.
ഹോർമോണ്‍ വൈകല്യങ്ങളുള്ള 14 കാരിയെ മാതാപിതാക്കൾ ജോലിക്കു പോയ സമയത്താണ് വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ശക്തമായ പനിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച് രണ്ടാം നാൾ പെണ്‍കുട്ടി മരിച്ചു. തലയ്ക്കേറ്റ ക്ഷതമായിരുന്നു മരണകാരണം.
ആ സമയം റഫീക്കാബീവിയും മകനും ഈ പെണ്‍കുട്ടിയുടെ വീടിനടുത്തായിരുന്നു താമസം. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് ഇവർ ഉൾപ്പെടെയുള്ള സമീപവാസികളെ അന്നു ചോദ്യം ചെയ്തെങ്കിലും ആ കേസിന് തുന്പുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.
ശാന്തകുമാരിയുടെ കൊലയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയാണ് 14കാരിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഷെഫീക്കും ആ പെണ്‍കുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടിയെ ഇയാൾ പലതവണ ലൈംഗികമായി ഉപദ്രവിച്ചിരുന്നു.
ഇക്കാര്യം പെണ്‍കുട്ടി മറ്റുള്ളവരെ അറിയിക്കുമെന്ന് ഷെഫീക്കിനോട് പറഞ്ഞിരുന്നു. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്ത് അവിടെയെത്തിയ ഷെഫീക്ക് പെണ്‍കുട്ടിയുടെ തല ഭിത്തിയിലേക്ക് രണ്ടു തവണ ഇടിപ്പിച്ചു.
തുടർന്ന് ശാന്തകുമാരിയുടെ കൊലയ്ക്ക് ഉപയോഗിച്ച അതേ ചുറ്റിക കൊണ്ട് 14കാരിയെ തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു. കുറ്റസമ്മതം നടത്തിയതോടെ ഈ കേസിലും ഇരുവർക്കുമെതിരേ കൊലക്കുറ്റം ചുമത്തി. ഷെഫീക്കിനെതിരേ പോക്സോ കേസു കൂടി രജിസ്റ്റർ ചെയ്തു.
പ്രതികൾക്കു വധശിക്ഷ
കേസിൽ മരിച്ചത് ആരെന്ന് തിരിച്ചറിയും മുൻപേ തന്നെ ഇൻസ്പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാനാവാതെ പ്രതികൾ കുറ്റം സമ്മതിച്ചു.
കൊലപാതകം, ഗൂഢാലോചന, മോഷണം, മോഷണത്തെത്തുടർന്നുള്ള കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയത്. ഇതെല്ലാം അന്വേഷണ സംഘത്തിന് തെളിയിക്കാനായി. പ്രതികൾ കസ്റ്റഡിയിലിരിക്കെ 86ാം ദിവസം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
66 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. 141 തൊണ്ടി മുതലുകൾ കോടതിയിൽ ഹാജരാക്കി. വിവിധ തരത്തിലുളള 40 ഓളം രേഖകളും ഹാജരാക്കാനായി. പ്രതികൾ കവർന്നെടുത്ത 44.21 ഗ്രാം സ്വർണം കണ്ടെടുത്തിരുന്നു.
2024 മേയ് 21ന് മൂന്നു പ്രതികൾക്കും നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ.എം. ബഷീർ വധ ശിക്ഷ വിധിച്ചു. അമ്മയ്ക്കും മകനും വധശിക്ഷ വിധിച്ചുവെന്നതും ഈ കേസിലെ പ്രത്യേകതയാണ്. സ്ത്രീക്ക് വധശിക്ഷ വിധിക്കുന്ന അപൂർവം കേസുകളിൽ ഒന്നുമാണിത്.
സംസ്ഥാനത്ത് വധശിക്ഷ വിധിക്കപ്പെട്ട രണ്ടാമത്തെ സ്ത്രീയാണ് റഫീക്കാബീവി. തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കു ഭീഷണിയായി കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരേ ശക്തമായ താക്കീതു നൽകുന്നതായിരുന്നു ഈ വിധി.
കന്നിക്കേസിലെ അന്വേഷണത്തിന് കേന്ദ്ര പുരസ്കാരം
അന്വേഷിച്ച ആദ്യകൊലക്കേസിൽ തന്നെ അമ്മയും മകനുമടക്കം മൂന്നു പ്രതികൾക്ക് വധശിക്ഷ വാങ്ങിക്കൊടുത്ത ഇൻസ്പെക്ടർ പ്രജീഷ് ശശിയെ തേടിയെത്തിയത് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ ദക്ഷതാ പുരസ്കാരമാണ്.
രണ്ടര മണിക്കൂറിനകം കൊലക്കേസ് പ്രതികളെ പിടികൂടിയ മികവിനാണ് ഈ അംഗീകാരം. ശാസ്താംകോട്ട കരിന്തോട്ടുവ സ്വദേശിയാണ് പ്രജീഷ്. മ്യൂസിയം, വിഴിഞ്ഞം, പന്തളം പോലീസ് സ്റ്റേഷനുകളിൽ ഇൻസ്പെക്റായിരുന്നു. വിഴിഞ്ഞം തുറമുഖ സമരകാലത്തെ പ്രവർത്തന മികവിന് മുഖ്യമന്ത്രിയുടെ ബാഡ്ജ് ഓഫ് ഓണർ ലഭിച്ചിട്ടുണ്ട്.
(അവസാനിച്ചു)