Editorial Audio
രാഷ്ട്രീയഭാരത്താൽ തകർന്നടിഞ്ഞ സിസ്റ്റത്തിന്റെ മോർച്ചറികൾ തിക്കിലും തിരക്കിലും മരിക്കുന്നവർക്കായി രാജ്യമെങ്ങും തുറന്നിട്ടിരിക്കുന്നു.
തകർന്നുവീണ സിസ്റ്റത്തിൽ ശ്വാസംമുട്ടി 40 പേർകൂടി മരിച്ചു. ശനിയാഴ്ച തമിഴ് നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടി ടിവികെ (തമിഴക വെട്രി കഴകം) കരൂരിൽ നടത്തിയ റാലിയിൽ പങ്കെടുത്തവരും കാഴ്ചക്കാരുമാണ് തിക്കിലും തിരക്കിലും പെട്ടു മരിച്ചത്.
രാഷ്ട്രീയത്തിലും മതത്തിലും ആശ്വാസം തേടി തിങ്ങിക്കൂടുന്ന മനുഷ്യർ തിരക്കിൽ ശ്വാസംമുട്ടി മരിക്കുന്നത് ആദ്യമല്ല; അവസാനത്തേതുമായിരിക്കില്ല. കാരണം, ഒന്നിനു പിറകെ മറ്റൊന്നായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്പോഴും സർക്കാരുകൾ ഒരു മുൻകരുതലും സ്വീകരിക്കുന്നില്ല.
ഒരിറ്റു വെള്ളത്തിനും ഒടുവിലൊരു ശ്വാസത്തിനുമായുള്ള മനുഷ്യരുടെ പിടച്ചിൽ നിഷ്ക്രിയ ഭരണകൂടങ്ങളെയും അതിന്റെ ഉത്പന്നമായ ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയെയും നോവിക്കുന്നില്ല. രാഷ്ട്രീയഭാരത്താൽ തകർന്നടിഞ്ഞ സിസ്റ്റത്തിന്റെ മോർച്ചറികൾ തിക്കിലും തിരക്കിലും മരിക്കുന്നവർക്കായി രാജ്യമെങ്ങും തുറന്നിട്ടിരിക്കുന്നു.
നാമക്കലിലെ യോഗത്തിൽ പങ്കെടുത്തശേഷം രാത്രി ഏഴോടെയാണ് ടിവികെ പ്രസിഡന്റ് വിജയ് കരൂരിലെത്തിയത്. കരൂർ വേലുച്ചാമിപുരത്ത് ഉച്ചയ്ക്കു നടക്കേണ്ടിയിരുന്ന റാലി വൈകിയതോടെ രാവിലെ മുതൽ സ്ഥലത്തുണ്ടായിരുന്നവരും പിന്നീട് എത്തിയവരുമായി ആൾക്കൂട്ടം പെരുകി. 10,000 പേരെ പ്രതീക്ഷിച്ചിടത്ത് 1.5 ലക്ഷം പേർ എത്തിയെന്നാണ് ചില കണക്കുകൾ.
നാമക്കലിൽനിന്ന് മറ്റു വാഹനങ്ങളിൽ വിജയ്യെ പിന്തുടർന്നെത്തിയവരും തിരക്കു വർധിപ്പിച്ചു. ഇതിനിടെ ഒരു മരക്കൊന്പ് ഒടിഞ്ഞുവീണതോടെ ആളുകൾ ചിതറിയോടിയെന്നും ഏതാണ്ട് അതേസമയത്ത് പോലീസ് ലാത്തിച്ചാർജ് നടത്തിയെന്നുമൊക്കെ റിപ്പോർട്ടുകളുണ്ട്. ദുരന്തത്തിനുമുമ്പ് കല്ലേറുണ്ടായെന്നും വേദിക്കടുത്ത് പോലീസ് ലാത്തിച്ചാർജ് നടത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ച ടിവികെ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഗൂഢാലോചനാ സിദ്ധാന്തങ്ങളും പാർട്ടികളുടെ ആരോപണ-പ്രത്യാരോപണങ്ങളുമൊക്കെ ഇത്തരം ആൾക്കൂട്ട ദുരന്തങ്ങളുടെ പിന്നാലെ പതിവുള്ളതാണ്. അതിന്റെ യാഥാർഥ്യങ്ങൾ തെളിഞ്ഞാലും, തിരുത്തലുകൾ നടത്തി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഒരു നടപടിയും ഉണ്ടാകില്ല.
കഴിഞ്ഞ ജൂൺ നാലിനാണ് ഐപിഎല്ലിൽ ആദ്യമായി കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് സർക്കാരും കർണാടക ക്രിക്കറ്റ് അസോസിയേഷനും ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വീകരണപരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചത്. മേയ് മൂന്നിന് ഉത്തരഗോവയിലെ ശ്രീ ലായ്റായി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും ഏഴുപേർ മരിക്കുകയും 80 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഫെബ്രുവരി 15ന് അർധരാത്രി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 കുംഭമേള തീർഥാടകരെങ്കിലും മരിച്ചു. ജനുവരി 29ന് മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ 30 പേരാണ് പ്രയാഗ്രാജിൽ തിരക്കിൽപ്പെട്ടു മരിച്ചത്. ആന്ധ്രയിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും ആറു പേർ മരിച്ചത് ജനുവരി എട്ടിന്. ഇതൊക്കെ ഇക്കൊല്ലം മാത്രം സംഭവിച്ചതാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എന്തെങ്കിലും ഉത്തരവാദിത്വമുണ്ടെങ്കിൽ ഈ മനുഷ്യനിർമിത ദുരന്തങ്ങൾ ഇങ്ങനെ തുടർക്കഥയാകില്ലായിരുന്നു.
കരൂർ ദുരന്തത്തിൽ സർക്കാരും വിജയ്യും മരിച്ചവരുടെ കുടുംബങ്ങൾക്ക് ആശ്വാസധനവും പരിക്കേറ്റവർക്ക് ചികിത്സാസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. അതാവശ്യമാണ്. പക്ഷേ, ദുരന്തത്തിൽനിന്നു പാഠങ്ങൾ പഠിച്ച് ഇനി ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലും, അഴിമതിയില്ലാത്തതും കർശനവുമായ നടപടിക്രമങ്ങളും അതുപോലെതന്നെ പ്രധാനമാണ്. തമിഴ് രാഷ്ട്രീയത്തിൽ പുതിയ മുന്നേറ്റത്തിനിറങ്ങിയിരിക്കുന്ന ടിവികെയുടെ പ്രാദേശിക നേതാക്കൾക്കെതിരേ മാത്രമല്ല, പ്രസിഡന്റ് വിജയ്ക്കെതിരേയും കേസെടുക്കണം.
രാവിലെ മുതൽ വേലുച്ചാമിപുരത്തേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്ന ജനക്കൂട്ടത്തിനു സാക്ഷിയായിട്ടും അനുമതി റദ്ദാക്കാതിരുന്ന ഉദ്യോഗസ്ഥരെയെല്ലാം പ്രതികളാക്കണം. മാതൃകാപരമായ ശിക്ഷയുണ്ടായാൽ മരണം വിതയ്ക്കുന്ന കെടുകാര്യസ്ഥത ഒരുപരിധിവരെയെങ്കിലും കുറയും. ജനങ്ങളും തിരിച്ചറിയണം, യഥാർഥ രാഷ്ട്രീയത്തെയും മതത്തെയുമൊന്നും ശ്വാസംമുട്ടിക്കുന്ന ആൾക്കൂട്ടങ്ങളിലല്ല തിരയേണ്ടത്. ആൾദൈവങ്ങളൊന്നും നിങ്ങളില്ലാതാകുന്ന വീടിനു തണലാകില്ല.
രാജ്യത്ത്, ഒന്പതു മാസത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കുന്ന ആറാമത്തെ വലിയ ദുരന്തമാണ് കരൂരിലേത്. ഏതാനും സസ്പെൻഷനുകൾ ഒഴിച്ചാൽ ബാക്കി അഞ്ചിലും അന്വേഷണവും നടപടികളുമൊക്കെ ഇഴയുകയാണ്. ആ പട്ടികയിലേക്ക് കരൂരിനെയും ചേർത്തുവയ്ക്കാനാണെങ്കിൽ ഏഴാമത്തേത് എവിടെ, എത്ര മരണം എന്നുകൂടിയേ എഴുതിച്ചേർക്കേണ്ടതുള്ളൂ. ജനം കരുതിയിരിക്കുക.
Tags : karuraccident vijay chennai thalapathi tvk thamizhakavetrikazhakam