വ​രു​ന്നു, ഹ​രി​ത​ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍
Tuesday, November 12, 2024 7:45 AM IST
കാ​സ​ര്‍​ഗോ​ഡ്: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ അ​ഞ്ചു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ ഹ​രി​ത​ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​കു​ന്നു. ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ പൊ​ലി​യം​തു​രു​ത്ത് ഇ​ക്കോ ടൂ​റി​സം വി​ല്ലേ​ജ്, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ കോ​ട്ട​പ്പു​റം ടെ​ര്‍​മി​ന​ല്‍, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ കൈ​റ്റ് ബീ​ച്ച്, പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ബേ​ക്ക​ല്‍ കോ​ട്ട, പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ റാ​ണി​പു​രം എ​ന്നീ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളാ​ണ് ഹ​രി​ത ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​കു​ന്ന​ത്.

ഹ​രി​ത ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന സ​ഞ്ചാ​രി​ക​ള്‍ കൈ​യ്യി​ല്‍ ക​രു​തു​ന്ന വ​സ്തു​ക്ക​ള്‍ പ്ര​വേ​ശ​ന വേ​ള​യി​ല്‍ പ​രി​ശോ​ധി​ക്കു​ക​യും പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് എ​ണ്ണം അ​നു​സ​രി​ച്ച് നി​ശ്ചി​ത തു​ക ഈ​ടാ​ക്കു​ക​യും ചെ​യ്യും. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും പു​റ​ത്തേ​ക്ക് ക​ട​ക്കു​മ്പോ​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം പ​ണം തി​രി​കെ ന​ല്‍​കും. പൂ​ര്‍​ണ​മാ​യും ഈ ​ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ പ്ലാ​സ്റ്റി​ക് നി​രോ​ധി​ത മേ​ഖ​ല​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്.

സ​ഞ്ചാ​രി​ക​ള്‍​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന് കു​ടും​ബ​ശ്രീ സം​വി​ധാ​നം നി​ശ്ചി​ത വാ​ട​ക ഈ​ടാ​ക്കി സ്റ്റീ​ല്‍ പ്ലേ​റ്റു​ക​ളും ഗ്ലാ​സു​ക​ളും ന​ല്‍​കും. ജൈ​വ, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കാ​ന്‍ വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ലു​ള്ള ശേ​ഖ​ര​ങ്ങ​ള്‍ ഒ​രു​ക്കും. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഹ​രി​ത ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ​യും അ​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും വി​വ​രി​ച്ച് ന​ല്‍​കു​ന്ന ബോ​ര്‍​ഡു​ക​ളും പ്ര​ദ​ര്‍​ശി​പ്പി​ക്കും.