കാസര്‍ഗോഡ്: മുളിയാറില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പുലിയിറങ്ങി. കാനത്തൂര്‍ കാലിപ്പള്ളത്താണ് വ്യാഴാഴ്ച രാത്രി 7.30 ഓടെ പുലിയിറങ്ങിയത്. കാലിപ്പള്ളത്തെ രാജന്റെ വീട്ടുമുറ്റം വരെ എത്തിയ പുലിയെ കണ്ട് വീട്ടുകാര്‍ ഭയന്നു ബഹളം വച്ചപ്പോള്‍ പുലി കാട്ടിലേക്ക് ഓടിപ്പോയതായി പറയുന്നു.
അയല്‍വാസിയായ റിട്ട. അധ്യാപകന് ഗംഗാധരനും രാജനും ചേര്‍ന്ന് ടോര്‍ച്ച് തെളിച്ചു നോക്കി പുലി തിരികെ കാട്ടിലേക്ക് പോയെന്ന് ഉറപ്പാക്കിയതോടെയാണ് നാട്ടുകാര്‍ക്ക് ശ്വാസം വീണത്.
വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ദിവസങ്ങളില്‍ വീട്ടുമുറ്റം വരെ പുലിയെത്തിയത് ജനങ്ങളെ ആകെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
കുട്ടികള്‍ സ്കൂളിലേക്കും അങ്കണവാടികളിലേക്കും പോകാന്‍ ഭയക്കുന്നതായി നാട്ടുകാര്‍ പറയുന്നു. കാലിപ്പള്ളത്തും പുലിയ കണ്ടതോടെ കൂടുതല്‍ സ്ഥലങ്ങളില്‍ കാമറകള്‍ സ്ഥാപിക്കാനുള്ള ആലോചനയിലാണ് വനപാലകര്‍. പുലിയുടെ ദൃശ്യം ലഭിച്ചാല്‍ കൂടുവയ്ക്കും. വ്യാഴാഴ്ച പുലര്‍ച്ചെ പാണൂര്‍ തോട്ടത്തുമൂലയിലെ മണികണ്ഠന്റെ വീട്ടില്‍ പുലിയെത്തിയിരുന്നു. വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറിനു അടിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വളര്‍ത്തുനായയെയും കടിച്ചുകൊണ്ടാണ് പുലി പോയത്.
നായയുടെ കരച്ചില് കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടപ്പോള്‍ നായയുമായി പോകുന്ന പുലിയെ കൃത്യമായി കണ്ടിരുന്നു. സ്ഥലത്തും വനപാലകരെത്തിയിരുന്നു.
നേരത്തെ ഇരിയണ്ണി മിന്നംകുളത്തിനു സമീപത്തെ വെള്ളാട്ട് പുലിയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നുവെങ്കിലും ഫലം ഉണ്ടായില്ല.
ജനജാഗ്രതാസമിതി യോഗം ചേര്‍ന്നു
മുളിയാര്‍: മുളിയാര്‍ പഞ്ചായത്തിലെ ജനവാസകേന്ദ്രങ്ങളില്‍ പുലിയിറങ്ങിയ സാഹചര്യത്തില്‍ പഞ്ചായത്ത് ഹാളില്‍ ജനജാഗ്രതാസമിതി യോഗം ചേര്‍ന്നു. പുലിയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ വനം വകുപ്പും ജനങ്ങളും യോജിച്ച് പ്രത്യേക ഡ്രൈവ് നടത്താന്‍ തീരുമാനിച്ചു.
കൂടുതല്‍ കാമറകള്‍ സ്ഥാപിക്കാനും പുലി സാന്നിധ്യം കൂടുതല്‍ കാണുന്ന സ്ഥലങ്ങളില്‍ കൂടുകള്‍ സ്ഥാപിക്കാനും ജനജാഗ്രതാസമിതിയില്‍ തിരുമാനമായി. കൂടാതെ കാര്‍ഷിക മേഖലക്ക് ഭീഷണി സൃഷ്ടിക്കുന്ന കുരങ്ങുകള്‍ക്ക് കൂട് സ്ഥാപിക്കാനും ധാരണയായി.
പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ. ജനാര്ദ്ദനന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബി.കെ. നാരായണന്, എം. കുഞ്ഞമ്പു നമ്പ്യാര്‍, പഞ്ചായത്ത് അംഗങ്ങളായ ഇ. മോഹനന്, പി. രവീന്ദ്രന്, സി. നാരായണിക്കുട്ടി, സത്യാവതി, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സി.വി. വിനോദ് കുമാര്‍, സെന്‍ട്രല്‍ ഫോറസ്റ്റ് ഓഫീസര്‍ ബാബു, എം. രാഘവന് നായര്‍, കെ.പി. പവിത്രന്, വി. വാസു, കെ. പ്രഭാകരന്, കെ.പി. സുകുമാരന്‍, വി. കുഞ്ഞിരാമന്, കെ. ഗോപാലകൃഷ്ണന്, ഇ. ജനാര്ദ്ദനന്, മണികണ്ഠന് ഓമ്പയില്‍, കെ.എ. ബാബു. കെ.കെ. ജയകുമാര്‍, എ.കെ. സുനില്‍, രാഗേഷ് കുമാര്‍, സുമേഷ് എന്നിവര്‍ സംബന്ധിച്ചു.
എംഎല്‍എ മന്ത്രിക്ക്
നിവേദനം നല്കി
കാസര്‍ഗോഡ്: മുളിയാര്‍, ദേലംപാടി, കാറഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ സ്വൈരവിഹാരം നടത്തുന്ന പുലിയെ പിടിക്കുന്നതിനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.എച്ച്. കുഞ്ഞമ്പു എംഎൽഎ വനംമന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം നല്കി.
സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ജനവാസമേഖലയും സംരക്ഷിത വനമേഖലയും ഇടകലര്‍ന്നുള്ള ഭൂപ്രകൃതിയാണ് കാസര്ഗോഡിന്റേത്. നാലു ഭാഗവും വനമേഖലകളാല്‍ ചുറ്റപ്പെട്ട ഗ്രാമങ്ങളും ഇവിടെയുണ്ട്. ഇവിടുത്തെ ജനങ്ങളുടെ ജീവന് തന്നെ ഭീഷണി നേരിടുന്നതായും എംഎല്‍എ പറഞ്ഞു.