രാജപുരം: 63-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ല സ്കൂള്‍ കലോത്സവം 11, 12, 18, 19, 20 തീയതികളിൽ മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളിലും കള്ളാര്‍ എഎല്‍പി സ്കൂളിലുമായി 13 വേദികളിലായി നടക്കും. മലയോരത്തിന്റെ മണ്ണിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം വിരുന്നു വന്ന കലോത്സവത്തെ നാടിന്റെ ഉത്സവമായി നെഞ്ചിലേറ്റി ഒരുങ്ങിയിരിക്കുകയാണ് നാട്ടുകാർ. 80 ഓളം സ്കൂളുകളില്‍ നിന്നായി 3500 ഓളം കലാപ്രതിഭകള്‍ മാറ്റുരയ്ക്കും. സംഗീതത്തിലെ രാഗങ്ങളുടെ പേരുകളാണ് വേദികൾക്ക് നൽകിയിരിക്കുന്നത്. മോഹനം, നീലാംബരി, ഹംസധ്വനി ചിത്രാംബരി, മലഹരി, തരംഗിണി, കനകാംഗി കാംബോജി, ചന്ദ്രകാന്തം, മല്‍ഹാര്‍, സൂര്യകാന്തം, നാടകപ്രിയ, ശ്രീരഞ്ജിനി എന്നിങ്ങനെ 13 വേദികളിലായാണ് മത്സരങ്ങൾ നടക്കുക.
കലോത്സവത്തിന്റെ പ്രചരണാര്‍ഥം ഇന്നു പാണത്തൂരില്‍ നിന്നും ഒടയംചാലില്‍ നിന്നും മാലക്കല്ലിലേക്ക് വിളംബരറാലി നടത്തും. 17ന് ഉച്ചകഴിഞ്ഞ് മൂന്നിനു കള്ളാറില്‍ നിന്നും മാലക്കല്ലിലേക്ക് കലവറ നിറയ്ക്കല്‍ സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കും. തുടര്‍ന്ന് ഇ.ചന്ദ്രശേഖരന് എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും. സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭ ചെയര്പേഴ്സണ്മാര്, കാഞ്ഞങ്ങാട്, പരപ്പ, ബ്ലോക്ക് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, എഇഒ മിനി ജോസഫ് എന്നിവര്‍ സംബന്ധിക്കും.
20നു ബുധനാഴ്ച വൈകുന്നേരം 4.30നു നടക്കുന്ന സമാപനസമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും. എം.രാജഗോപാലന്‍ എംഎല്‍എ മുഖ്യാതിഥിയായിരിക്കും. പത്രസമ്മേളനത്തില്‍ സംഘാടകസമിതി ജനറല്‍ ചെയര്മാന് ടി.കെ.നാരായണന്, ജനറല്‍ കണ്‍വീനര്‍ എം.എ.സജി, മാലക്കല്ല് സ്കൂള്‍ മാനേജര്‍ ഫാ.ഡിനോ കുമ്മാനിക്കാട്ട്, കള്ളാര്‍ സ്കൂള്‍ മാനേജര്‍ പി.സുബൈര്‍, പബ്ലിസിറ്റി കണ്‍വീനര്‍ വിനീത് വില്‍സണ്‍ എന്നിവര്‍ സംബന്ധിച്ചു.