ചെറുപുഴ: മലയോരത്ത് പുലിപ്പേടിയൊഴിയുന്നില്ല. ഈസ്റ്റ് - എളേരി, ചെറുപുഴ, പെരിങ്ങോം വയക്കര, എരമം-കുറ്റൂർ എന്നീ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ പുലിയെ കണ്ടുവെന്നാണ് ജനങ്ങൾ പറയുന്നത്. ഏറ്റവും ഒടുവിൽ എരമം-കുറ്റൂർ പഞ്ചായത്തിലെ വെള്ളോറ കടവനാട് പുലിയെത്തിയെന്ന് വനംവകുപ്പധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. കടവനാട് 12-ാം വാർഡിലെ പന്തമാക്കൽ രവീന്ദ്രന്റെ ആടിനെ കടിച്ചുകൊല്ലുകയും മറ്റൊന്നിനെ കടിച്ചു പരിക്കേല്പിക്കുകയും ചെയ്തു.
ഇതോടെ പ്രദേശവാസികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. രാമചന്ദ്രൻ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ചർ പി. രതീശന്റെ നേതൃത്വത്തിൽ വനംവകുപ്പധികൃതരെത്തി ഇവിടെ കാമറ സ്ഥാപിച്ചു. പുലിക്കായി കൂടു് വയ്ക്കാനുള്ള തയാറെടുപ്പും തുടങ്ങി. കറ്റവനാട് പ്ലാന്റേഷനു സമീപത്തുള്ള സ്ഥലമാണിത്. പ്ലാന്റേഷൻ പ്രദേശം കാടുപിടിച്ച് കിടക്കുന്നതിനാൽ പുലിയെ കണ്ടെത്തുക പ്രയാസകരമെന്നാണ് വിലയിരുത്തൽ. രാവിലെ ടാപ്പിംഗിന് പോകുന്ന തൊഴിലാളികളോട് ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.
ഈസ്റ്റ് എളേരി പഞ്ചായത്തിലെ അരിയിരുത്തിയിൽ കാട്ടുപന്നിയെ ഏതോ വന്യമൃഗം കൊന്നിട്ടിരുന്നു. പുലി കൊന്നതാണെന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്തിലെ അരിയിരുത്തി, വെണ്യക്കര, നല്ലോമ്പുഴ, ആയന്നൂർ, തവളക്കുണ്ട് എന്നിവിടങ്ങളിൽ പുലിയിറങ്ങിയെന്നാണ് വിവരം. വനംവകുപ്പ് ഈ ഭാഗങ്ങളിൽ കാമറ സ്ഥാപിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
ഈസ്റ്റ് എളേരി പഞ്ചായത്തിൽ പുലിയെ കണ്ടുവെന്ന് പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസം രാത്രി 12 ഓടെ ചെറുപുഴ മത്സ്യ മാർക്കറ്റിന് സമീപം ശ്രീമുത്തപ്പൻ പെട്രോൾ പമ്പിനടുത്ത് പുലിയെ കണ്ടതായി പറയുന്നു.പന്പിലെ പമ്പിലെ രണ്ടു ജീവനക്കാരാണ് പുലിയെ കണ്ടത്. പമ്പിന് എതിർവശത്ത് പഴയകെട്ടിടങ്ങളുടെ ഓടുകളും തടി ഉരുപ്പടികളും നായക്കുഞ്ഞുങ്ങളേയും വില്ക്കുന്ന സ്ഥാപനത്തിനു സമീപം നായകൾ നിർത്താതെ ബഹളം വയ്ക്കുന്നത് ശ്രദ്ധിച്ചപ്പോഴാണ് പുലിയെ കണ്ടതെന്നു പറയുന്നു.
പുലി തൊട്ടടുത്ത പുഴയോരത്തെ കാട്ടിലേക്ക് ഓടിപ്പോയെന്നാണ് പറയുന്നത്. ഉടൻ തന്നെ ചെറുപുഴ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പോലീസ് എത്തി പരിശോധന നടത്തുകയും വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. ഫോറസ്റ്റ് റേഞ്ചർ പി. രതീശന്റെ നേതൃത്വത്തിൽ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ ഇവിടെ കണ്ടെത്തിയ ജീവിയുടെ കാൽപ്പാടുകൾ പുലിയുടേതല്ലെന്ന് സ്ഥിരീകരിച്ചു.
എന്നാൽ പെട്രോൾ പമ്പ് ജീവനക്കാരുടെ മൊഴികൾ വനംവകുപ്പധികൃതർ ഗൗരവമായി എടുക്കുന്നുണ്ട്. പെട്രോൾ പമ്പിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുവെങ്കിലും ദൃശ്യങ്ങൾ വ്യക്തമല്ല. വലിപ്പം കുറഞ്ഞ ഏതോ ഒരു ജീവിയെന്നു മാത്രമേ മനസിലാകുന്നുള്ളൂ. റേഞ്ച് ഓഫീസർ പി. രതീശനൊപ്പം ഫോറസ്റ്റ് ബീറ്റ് ഓഫീസർമാരായ എം.കെ. ജിജേഷ്, മിന്നു ടോമി, മുഹമ്മദ് ഷാഫി എന്നിവരുമുണ്ടായിരുന്നു. തട്ടുമ്മലിൽ വളർത്തുനായയെ കൊന്നിട്ടത് പുലിയാണെന്നും സംശയമുണ്ട്.
പെരിങ്ങോ-വയക്കര പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കരിമണൽപാറയിലുംപുലിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. വനംവകുപ്പ് അധികൃതരും പോലീസും നാട്ടുകാരും ജനപ്രതിനിധികളും ഉൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിട്ടില്ല. കരിമണൽ കാവിന് സമീപം താമസിക്കുന്ന ജനാർദനന്റെ വളർത്തുനായയെ ഇതിനിടയിൽ കാണാതായി. പരിശോധനയിൽ വീടിന് സമീപത്തെ കാട്ടിൽ പുലി കടിച്ചുകൊന്ന നിലയിൽ നായയെ കണ്ടെത്തി. കൂടുതൽ പരിശോധനയിൽ പുലിയുടെ കാൽപ്പാടും വിസർജ്യവും കണ്ടെത്തിയിരുന്നു.
എരമം-കുറ്റൂർ പഞ്ചായത്തിലെ കാര്യപ്പള്ളി, കോയിപ്ര, പെരുവാമ്പ, കൂമ്പറം, കക്കറ തുടങ്ങിയ പ്രദേശങ്ങളി
ലാണ് ആദ്യം പുലിയെ കണ്ടതായി പറയുന്നത്. ഇപ്പോൾ വെള്ളോറ കടവന്തറയിൽ പുലിയുണ്ടെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിരിക്കുകയാണ്. കാൽപ്പാടുകൾ പരിശോധിച്ചാണ് പുലിയാണെന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞ മാസം 20ന് തളിപ്പറമ്പ് കണിക്കുന്നിൽ പുലിയെ കണ്ടിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കാൽപ്പാടുകൾ പരിശോധിച്ച് പുലിയുടേതെന്ന് ഉറപ്പിച്ചിരുന്നു. കാൽനടയാത്രക്കാരായിരുന്നു പുലിയെ കണ്ടത്. പിന്നീട് സാൻജോസ് സ്കൂളിന് സമീപം പുലി തെരുവുനായയെ പിടികൂടി വലിച്ചുകൊണ്ടു പോകുന്നത് കണ്ടതായും പറയുന്നു. മലയോരത്ത് നിരവധി പ്രദേശങ്ങളിലാണ് പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടത്.
വളർത്തുനായകൾ, കാട്ടുപന്നി, ആട് എന്നിവയെ കൊന്നിട്ട നിലയിലും കണ്ടെത്തിയിരുന്നു. വനംവകുപ്പ് ചിലയിടങ്ങളിൽ കണ്ടത് പുലിയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇനി നടപടി സ്വീകരിക്കേണ്ടത് അധികൃതരാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയും ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.