കാസര്‍ഗോഡ്: ജില്ലയുടെ സമഗ്രവികസനത്തിനുതകുന്നതും ജില്ലയ്ക്ക് മൊത്തത്തില്‍ ബാധകവുമായ ജില്ലാ പദ്ധതി തയാറാക്കുന്നതിന്റെ രണ്ടാം ഘട്ടമായി കൂടിയാലോചന യോഗം ചേര്‍ന്നു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടുകളും പുതിയ മുന്‍ഗണനകളും, വികസന സാദ്ധ്യതകളും ഉള്‍ക്കൊണ്ട് ജില്ലാ പദ്ധതി പരിഷ്കരണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് പറഞ്ഞു.
ജില്ലയുടെ സമഗ്ര വികസനം വിഭാവനം ചെയ്യുന്നതിനും വിവിധ വികസന മേഖലകളില്‍ ഇടപെടുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പ്രാദേശിക സര്‍ക്കാരുകള്‍, മറ്റ് ഏജന്‍സികള്‍ എന്നിവക്ക് കൃത്യമായ ദിശാബോധം നല്‍കുന്നതിന് സഹായിക്കുന്നതുമായ രേഖയായിരിക്കണം ജില്ലാ പദ്ധതി. പഞ്ചായത്തുകള്‍ക്കും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും സംയുക്ത പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിനാവശ്യമായ വിവരങ്ങളും ജില്ലാ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
ജില്ലാ പദ്ധതി രൂപീകരണം സംബന്ധിച്ച് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ജിജു പി. അലക്സ് ക്ലാസെടുത്തു. ഓരോ മേഖലയിലും വികസന വിടവുകള്‍ കണ്ടെത്തി ജില്ലാതല ലക്ഷ്യങ്ങളും മുന്‍ഗണനകളും നിശ്ചയിക്കുക, വികസന പ്രക്രിയയില്‍ ഇടപെടുന്ന ഓരോ യൂണിറ്റിന്റെയും സാധ്യതകളും പ്രവര്‍ത്തനങ്ങളും പരസ്പരം അറിയുക, സംയുക്തമായി ഏറ്റെടുക്കേണ്ട വികസന പ്രശ്നങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കുന്നതിനുമുളള പ്രവര്‍ത്തനങ്ങളില്‍ ഏറ്റെടുക്കേണ്ട ഘടകങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമായി നിര്‍ണയിക്കുക, അവ തമ്മിലുളള സംയോജന-ഏകോപന സാധ്യതകള്‍ പ്രയോജനപ്പെടുത്തുക, എന്നിവയാണ് ജില്ലാ പദ്ധതി രൂപീകരണത്താല്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ വികസന മേഖലയുടെയും വസ്തുനിഷ്ഠമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലാ വികസന പദ്ധതി ആസൂത്രണം ചെയ്യുന്നത്. ജില്ലാ വികസന പരിപ്രേക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ ഗവണ്മെന്റ് തലത്തില്‍ മേല്‍ത്തട്ടിലും തദ്ദേശ ഭരണസ്ഥാപനങ്ങളുടെ തലത്തില്‍ കീഴ്ത്തട്ടിലും ഏറ്റെടുക്കേണ്ടതും നിര്‍വഹിക്കേണ്ടതുമായ പദ്ധതിനിര്‍ദേശങ്ങൾ ക്രോഡീകരിക്കുക എന്നതും ഉദ്ദേശ ലക്ഷ്യങ്ങളില്‍പ്പെടുന്നു. ജില്ലയിലെ വികസന മേഖലകളുടെ പ്രസക്തമായ സ്ഥിതി വിവരക്കണക്കുകളുടെ ഒരു ശേഖരം തയാറാക്കുകയെന്നതും ജില്ലാ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് അദ്ദേഹം പറഞ്ഞു.
ഒന്നാംഘട്ടത്തില്‍ കരട് ജില്ലാ പദ്ധതി തയാറാക്കുന്നതിന് ജില്ലാ ആസൂത്രണ സമിതിയെ സഹായിക്കുന്നതിനായി ജില്ലയിലെ വിവിധ വകുപ്പ് മേധാവികളെ കണ്‍വീനര്‍മാരും ജില്ലാ ആസൂത്രണസമിതി അംഗങ്ങളെ ചെയര്പേഴ്സണ്മാരുമാക്കി 28 ഉപസമിതികള്‍ രൂപീകരിച്ചിരുന്നു. ആമുഖ വിവരങ്ങള്‍, വിഭവലഭ്യത (മനുഷ്യ, പ്രകൃതി, ധന, സ്ഥാപന വിവരങ്ങള്‍), വികസനത്തിന്റെ സ്ഥലമാനങ്ങള്‍, നീര്‍ത്തടാധിഷ്ഠിത വികസനം (കൃഷി, ജലസേചനം, മണ്ണ്-ജലസംരക്ഷണം ഉള്‍പ്പെടെ), വ്യവസായം, വാണിജ്യം, തൊഴിലും തൊഴിലവസരങ്ങളും, സ്വയം തൊഴില്‍ സംരഭങ്ങള്‍, പ്രാദേശിക സാമ്പത്തിക വികസനം (സംരഭകത്വം, നൈപുണ്യ വികസനം)സഹകരണം, ആരോഗ്യം, കുടിവെള്ളം, ശുചിത്വം-ഖര-ദ്രവ മാലിന്യ സംസ്കരണം, പാര്‍പ്പിടം, സാമൂഹ്യക്ഷേമം, സാമൂഹ്യ സുരക്ഷിതത്വം, അതിദാരിദ്ര്യം, വിദ്യാഭ്യാസം (അങ്കണവാടി വിദ്യാഭ്യാസം ഉള്‍പ്പെടെ) ഉന്നത വിദ്യാഭ്യാസം, കായികം, യുവജനകാര്യം, കല- സംസ്കാരം, വിനോദസഞ്ചാരം, വിവര സാങ്കേതിക വിദ്യ, ഊര്‍ജം, ഗതാഗതം- വാര്‍ത്താവിനിമയം, പട്ടികജാതി വികസനം, പട്ടികവര്‍ഗ വികസനം, വനിതകള്‍-കുട്ടികള്‍ എന്നിവരുടെ വികസനം, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം എന്നിവരുടെ വികസനം, ദുരന്തനിവാരണം, കാലാവസ്ഥാവ്യതിയാനം അടിസ്ഥാനമാക്കിയുളള വികസന പദ്ധതികള്‍, ജൈവവൈവിധ്യ മാനേജ്മെന്റ്, പരിസ്ഥിതിസംരക്ഷണം, പ്രത്യേക വികസന പരിപാടികള്‍, ഭരണ നിര്‍വഹണവും ഇ-ഗവേണന്‍സും, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്നീ 28 വിഷയങ്ങളിലാണ് ഉപസമിതികള്‍ രൂപീകരിച്ചത്.
ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, ആസൂത്രണ സമിതി അംഗങ്ങളായ എസ്.എന്‍. സരിത, സി. രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. രാജേഷ് ആമുഖ ഭാഷണം നടത്തി. c