വെള്ളരിക്കുണ്ട്: ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ആദ്യദിനം സ്റ്റേജിതരമത്സരങ്ങൾ പൂർത്തിയായി. ഹയർ സെക്കൻഡറി വിഭാഗത്തിൽ 18 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ ആതിഥേയരായ സെന്റ് ജൂഡ്സ് എച്ച്എസ്എസ് (48) ആണ് മുന്നിൽ. ചായ്യോത്ത് ജിഎച്ച്എസ്എസ് (46), കമ്പല്ലൂര് ജിഎച്ച്എസ്എസ് (39) എന്നിവർ രണ്ടും മൂന്നും സ്ഥാനത്താണുള്ളത്.
ഹൈസ്കൂൾ വിഭാഗത്തിൽ 16 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ പരപ്പ ജിഎച്ച്എസ് (25) ആണ് മുന്നിൽ. ചായ്യോത്ത് ജിഎച്ച്എസ്എസ് (20), ചിറ്റാരിക്കാൽ സെന്റ് മേരീസ് ഇഎംഎച്ച്എസ് (18) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. യുപി വിഭാഗത്തിൽ 10 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ ചിറ്റാരിക്കാൽ സെന്റ് മേരീസ് ഇഎംഎച്ച്എസ് (20) ആണ് ഒന്നാം സ്ഥാനത്ത്. കോട്ടമല എംജിഎം യുപിഎസ്, മണ്ഡപം സെന്റ് ജോസഫ്സ് എയുപിഎസ്, വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഇഎംഎസ് എന്നിവർക്ക് 18 പോയന്റ് വീതമുണ്ട്.
സ്റ്റേജ് മത്സരങ്ങൾക്ക് ഇന്നു തുടക്കമാകും. ഗുൽമോഹർ, സൂര്യകാന്തി, പാരിജാതം, നിശാഗന്ധി, കണ്ണാന്തളി എന്നീ അഞ്ചുവേദികളിലായാണ് മത്സരം നടക്കുക. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കേരളനടനം, മിമിക്രി, മോണോ ആക്ട്, ലളിതഗാനം, കഥാപ്രസംഗം, ബാൻഡ് മേളം എന്നിവയാണ് ഇന്നത്തെ പ്രധാന ഇനങ്ങൾ.
ഉച്ചകഴിഞ്ഞ് മൂന്നിന് രാജ്മോഹൻ ഉണ്ണിത്താൻ എംപി കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. സംഘാടകസമിതി ചെയർമാൻ രാജു കട്ടക്കയം അധ്യക്ഷത വഹിക്കും. ഇ. ചന്ദ്രശേഖരൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, സ്കൂൾ മാനേജർ റവ. ഡോ. ജോൺസൺ അന്ത്യാംകുളം എന്നിവർ പങ്കെടുക്കും. വിജയികളെ കാത്തിരിക്കുന്നത് 450തിലേറെ ടോഫികളും 4000 സർട്ടിഫിക്കറ്റുകളുമാണ്. തികച്ചും ഹരിത പ്രോട്ടോകോൾ പാലിച്ചാണ് കലോത്സവം നടന്നുകൊണ്ടിരിയ്ക്കുന്നത്.