കുന്നോത്ത്: കുഞ്ഞുങ്ങളുടെ ഒപ്പം നടക്കുവാനും കേൾക്കുവാനും സാഹചര്യങ്ങളെ പരിചയപ്പെടുത്തി കൊടുക്കുവാനും ഒരു മതാധ്യാപകർക്ക് സാധിക്കണമെന്ന് തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. കുന്നോത്ത് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ഓഡിറ്റോറിയത്തിൽ നടത്തിയ മതാധ്യാപകസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
കുട്ടികളോടൊത്ത് അനുധാവനം ചെയ്യാൻ സാധിക്കുന്നതാണ് യഥാർഥ മതബോധനം. കുട്ടികളുടെ സ്വഭാവം മനസിലാക്കി പ്രവർത്തിക്കാൻ സാധിക്കണം. നമ്മുടെ സത്യവിശ്വാസം പഠിപ്പിക്കുകയെന്നത് വളരെ പ്രയാസകരമായ ഒരു കാര്യമാണ്. ഈ പ്രയാസകരമായ കാര്യം ചെയ്യുവാനാണ് ഓരോ മതാധ്യാപകന്റെയും വിളി. ദൈവം നിങ്ങളെ ഭരമേൽപ്പിച്ച ദൗത്യമാണ് നിങ്ങൾ നിർവഹിക്കുന്നത് എന്ന ബോധ്യം ഓരോ മതാധ്യാപകനും ഉണ്ടായിരിക്കണം.
ആത്യന്തികമായി മതബോധനം ക്രിസ്തുവിന്റെ ശുശ്രൂഷയാണ്. നിത്യരക്ഷയുടെ മാർഗം പഠിപ്പിക്കുക എന്നതാണ്. നാം പഠിപ്പിച്ച കുട്ടികൾ സ്വർഗത്തിൽ എത്തിച്ചേരുമ്പോഴാണ് നമ്മുടെ ലക്ഷ്യം യഥാർഥത്തിൽ പൂർത്തീകരിക്കുന്നത്. മതബോധനം എന്നു പറയുന്നത് രക്ഷകനായ യേശുവിനെ കണ്ടുമുട്ടുക എന്നതാണ്. രക്ഷകനായ യേശുവിനെ കണ്ടുമുട്ടുവാൻ സഹായിക്കുക.
ക്രിസ്തുവിനെ കണ്ടെത്തിക്കഴിഞ്ഞാൽ ഒരുവന്റെ ബുദ്ധിയല്ല ഹൃദയമാണ് പ്രവർത്തിക്കുന്നത്. ഈശോയെ കാണാൻ പഠിപ്പിക്കുന്നില്ലെങ്കിൽ നമ്മുടെ മതബോധനം പാഴായി പോകുമെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. തലശേരി അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ വി. ബലിയർപ്പിച്ചു സന്ദേശം നൽകി. ഡോ. അലക്സ് ജോർജ് കാവുകാട്ട് ക്ലാസെടുത്തു.
ഉച്ചകഴിഞ്ഞ് നടത്തിയ പൊതുസമ്മേളനത്തിന് വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി അധ്യക്ഷത വഹിച്ചു. കുന്നോത്ത് ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ മൂക്കിലിക്കാട്ട്, ഫാ. ജിന്റോ പാണാകുഴിയിൽ, ടോം കുറുന്തോട്ടം, ജോൺസൺ പൊട്ടയ്ക്കൽ, ജോസഫ് ചെമ്പോത്തനാടിയിൽ, ചാക്കോച്ചൻ കാരാമയിൽ, പ്രസാദ് ഇലവുങ്കച്ചാലിൽ, ബിന്നി കൂട്ടുമല, സിസ്റ്റർ ബെറ്റ്സി എസ്എ ബിഎസ്, സിസ്റ്റർ റോസിലിയ എൻഎസ്, സാലി പെരുമ്പള്ളിക്കുന്നേൽ, ബ്രദർ സ്കറിയ പായിക്കാട്ട്, അനഘ കട്ടക്കയം എന്നിവർ പ്രസംഗിച്ചു. വിശ്വാസപരിശീലനകേന്ദ്രം ഡയറക്ടർ റവ. ഡോ. ജേക്കബ് വെണ്ണായപ്പിള്ളിൽ സ്വാഗതവും അസി. ഡയറക്ടർ ഫാ. ജോസഫ് വടക്കേപറമ്പിൽ നന്ദിയും പറഞ്ഞു.
പേരാവൂർ, എടൂർ, കുന്നോത്ത്, നെല്ലിക്കാംപൊയിൽ, മണിക്കടവ് ഫൊറോനകളിലെ 60 ഇടവകകളിൽ നിന്നുള്ള ഏഴുനൂറോളം വിശ്വാസപരിശീലകർ കോൺഫറൻസിൽ പങ്കെടുത്തു. നാല്പതിലധികം വർഷം വിശ്വാസപരിശീലന ശുശ്രൂഷ നിർവഹിച്ച അധ്യാപകരെയും പത്ത് വർഷത്തിലധികമായി മുടങ്ങാതെ എല്ലാ ഞായറാഴ്ചയും വിശ്വാസപരിശീലന ദൗത്യത്തിലേർപ്പെട്ട അധ്യാപകരെയും അധ്യാപക ദമ്പതികളെയും സമർപ്പിതരുടെ മാതാപിതാക്കളെയും അഞ്ചിൽ കൂടുതൽ മക്കളുള്ള വിശ്വാസപരിശീലകരെയും അവാർഡ് ജേതാക്കളെയും ആദരിച്ചു. എടൂർ, അങ്ങാടിക്കടവ് സൺഡേ സ്കൂൾ കുട്ടികളുടെ കലാപരിപാടികൾ കോൺഫറൻസിന് മിഴിവേകി.