ഓ...സീസ്; വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം ഓസ്ട്രേലിയയ്ക്ക്
Monday, February 27, 2023 3:56 AM IST
കേപ്ടൗണ്‍: വനിതാ ക്രിക്കറ്റിൽ ആധിപത്യം അരക്കിട്ടുറപ്പിച്ച് ഓസ്ട്രേലിയ. ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 19 റണ്‍സിന് കീഴടക്കി ഓസ്ട്രേലിയ കിരീടത്തിൽ മുത്തമിട്ടു. തുടർച്ചയായ ഏഴാം ഫൈനൽ കളിച്ച ഓസ്ട്രേലിയയുടെ ആറാം ലോകകിരീടമാണിത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 156 റണ്‍സ് നേടി. മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 137 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഓപ്പണർ ലോറ വോൾവാർത്ത് അർധസെഞ്ചുറിയുമായി പൊരുതിയെങ്കിലും പിന്തുണ നൽകാൻ ആളില്ലാതെ പോയി. ലോറ 48 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 61 റണ്‍സെടുത്തു. ക്ലോയ് ട്രിയോണ്‍ (25), ടാസ്മിൻ ബ്രിറ്റ്സ് (10), മരിസെയ്ൻ കാപ്പ് (11) എന്നിവരാണു ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കംകടന്ന മറ്റുള്ളവർ. ഓസീസിനായി മേഗൻ ഷൂട്ട്, ആഷ്ലി ഗാർഡ്നർ, ഡാർസി ബ്രൗണ്‍, ജെസ് ജൊനാസൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തേ, ബെത്ത് മൂണിയുടെ തകർപ്പൻ അർധസെഞ്ചുറിയാണ് ഓസീസിനു ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഓപ്പണറായി ഇറങ്ങിയ മൂണി 53 പന്തിൽ 74 റണ്‍സുമായി പുറത്താകാതെ നിന്നു. അലീസ ഹീലി (18), ആഷ്ലി ഗാർഡ്നർ (29), ഗ്രെയ്സ് ഹാരിസ് (10), മെഗ് ലാനിംഗ് (10), എലിസ് പെറി (7), ജോർജിയ വാറെം (0) എന്നിങ്ങനെയാണു പുറത്തായ മറ്റു ബാറ്റർമാരുടെ പ്രകടനം. ദക്ഷിണാഫ്രിക്കയ്ക്കായി മരിസെയ്ൻ കാപ്പ് നാല് ഓവറിൽ 35 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ഷബ്നിം ഇസ്മയിൽ രണ്ടു വിക്കറ്റ് സ്വന്തമാക്കി. ബെത്ത് മൂണി കളിയിലെയും ആഷ്ലി ഗാർഡ്നർ (110 റണ്‍സ്, 10 വിക്കറ്റ്) ടൂർണമെന്റിലെയും താരമായി.