ഒരുക്കം തീരാതെ പിസിബി
Friday, January 10, 2025 12:22 AM IST
കറാച്ചി: ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദികളുടെ പരിഷ്കരണം പൂർത്തിയാക്കാതെ പാക് ക്രിക്കറ്റ് ബോർഡ് (പിസിബി). 70 മില്യണ്‍ ഡോളർ (600 കോടി രൂപ) ഐസിസി അനുവദിച്ചിട്ടും കൃത്യസമയത്ത് ഒരുക്കങ്ങൾ പൂർത്തിയാകുമോ എന്ന ആശങ്ക ഉയർന്നു കഴിഞ്ഞു.
ഫെബ്രുവരി 12ന് വേദികൾ പൂർണമായി ഐസിസിക്കു വിട്ടുകൊടുക്കേണ്ടതുണ്ട്. നിശ്ചിത സമയത്തു വേദികൾ ഐസിസിക്കു കൈമാറാൻ സാധിച്ചില്ലെങ്കിൽ ആതിഥേയത്വം പാക്കിസ്ഥാനു നഷ്ടപ്പെടും. അതോടെ ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്ന ദുബായിലേക്ക് ടൂർണമെന്റ് എത്തിയേക്കും.
ദുബായിൽ ഇന്ത്യയുടെ മത്സരങ്ങൾ നടത്തുന്നതിന്റെ അധികച്ചെലവായി 4.5 മില്യണ്‍ ഡോളർ (38.62 കോടി രൂപ) ഐസിസി പാക്കിസ്ഥാന് അനുവദിച്ചിരുന്നു.