ഒലയിൽ പിരിച്ചുവിടൽ
Tuesday, March 4, 2025 12:19 AM IST
മുംബൈ: ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഒല ഇലക്ട്രിക് ആയിരത്തിലധികം ജീവനക്കാരെയും കരാർ തൊഴിലാളികളെയും പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
വർധിച്ചുവരുന്ന നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് നീക്കമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കസ്റ്റമർ റിലേഷൻസ്, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങി ഒന്നിലധികം ഡിപ്പാർട്ട്മെന്റുകളിലെ ജീവനക്കാരാണ് പിരിച്ചുവിടൽ ഭീഷണി നേരിടുന്നത്.
2024 ഓഗസ്റ്റിൽ ലിസ്റ്റ് ചെയ്ത ഭവിഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള കന്പനി നിരവധി മേഖലകളിൽ പ്രതിസന്ധികൾ നേരിടുകയാണ്. ഡിസംബറിൽ അവസാനിച്ച പാദത്തിൽ നഷ്ടത്തിൽ 50 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഓഹരികൾ അതിന്റെ ഏറ്റവും ഉയർന്ന നിലയിൽനിന്ന് 60 ശതമാനം ഇടിഞ്ഞു.
അഞ്ചുമാസത്തിനുള്ളിൽ ഒലയിൽ നടക്കുന്ന രണ്ടാമത്തെ പിരിച്ചുവിടലാണിത്. കഴിഞ്ഞ നവംബറിൽ 500 ജീവനക്കാർക്കാണ് ജോലി നഷ്ടമായത്. പിരിച്ചുവിടുന്നവരെ കുറിച്ചുള്ള കന്പനിയുടെ കണക്കുകളിൽ ഉൾപ്പെടാത്തവരാണ് കരാർ തൊഴിലാളികൾ. 2024 മാർച്ച് അവസാനത്തിൽ ഒലയിൽ 4000 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിന്റെ നാലിലൊന്ന് ജീവനക്കാരെ പിരിച്ചുവിടാനാണ് കന്പനി ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
ഉപയോക്താക്കളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഓട്ടോമേഷൻ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് എന്നാണ് റിപ്പോർട്ട്. ഈ നീക്കം കാര്യക്ഷമത മെച്ചപ്പെടുത്താനും ചെലവ് കുറയ്ക്കാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു.
ഫ്രണ്ട് എൻഡ് സെയിൽസ്, സർവീസ്, ഷോറൂമുകളിലെയും സർവീസ് സെന്ററുകളിലെയും വെയർഹൗസിലെയും ജീവനക്കാരെ ചെലവ് ചുരുക്കലിന്റെ ഭാഗമായുള്ള പുതിയ തീരുമാനം ബാധിക്കുമെന്നാണ് വിവരം. പിരിച്ചുവിടൽ എത്ര ജീവനക്കാരെ ബാധിക്കുമെന്ന് കന്പനി വ്യക്തമാക്കിയിട്ടില്ല.
ഫെബ്രുവരിയിൽ 28% വിപണി വിഹിതം നേടിക്കൊണ്ട് 25,000 ഇലക്ട്രിക് സ്കൂട്ടറുകൾ വിറ്റഴിച്ചതായി ഒല ഇലക്ട്രിക് മാർച്ച് ഒന്നിന് ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. ഇത് 50,000-യൂണിറ്റ് എന്ന പ്രതിമാസ വിൽപ്പന ലക്ഷ്യത്തേക്കാൾ വളരെ താഴെയാണ്.
വർധിക്കുന്ന ഉപഭോക്തൃ പരാതികൾ, സാമൂഹിക മാധ്യമങ്ങളിലെ വിമർശനം, വിപണിയിലെ കടുത്ത മത്സരം എന്നിവ മേഖലയിലെ ആധിപത്യം കുറയാൻ കാരണമായി എന്നാണ് വിലയിരുത്തപ്പെടുന്നത്.
2024 ഡിസംബറിൽ ഒല ഇലക്ട്രിക് വൻ വിപുലീകരണമാണ് നടത്തിയത്. സർവീസ്, ഗുണനിലവാരം ഉൾപ്പെടെയുള്ള പരാതികൾ ഉയർന്നതിനെത്തുടർന്ന് രാജ്യത്തുടനീളം 3200 ഒൗട്ട് ലെറ്റുകളാണ് കന്പനി സ്ഥാപിച്ചത്.