കർഷകർക്കു തിരിച്ചടി; കൊക്കോ വില പാതിയായി കുറഞ്ഞു
Thursday, April 24, 2025 12:42 AM IST
കോഴിക്കോട്: കർഷകർക്കു തിരിച്ചടിയായി സർവകാല റിക്കാർഡിട്ട കൊക്കോ വില ആറിലൊന്നായി കുറഞ്ഞു. ഏതാനും മാസം മുന്പ് ഒരു കിലോ കൊക്കോ പരിപ്പിന് 1,200 രൂപ വിലയുണ്ടായിരുന്നു.
എന്നാൽ, ഇപ്പോൾ നിലവിലുള്ള വില 200 രൂപയിൽ താഴെയാണ്. അടുത്തിടയ്ക്ക് ഉണ്ടായ കീടബാധയും അണ്ണാൻ, മരപ്പട്ടി, എലി എന്നിവയുടെ ശല്യവും വിലത്തകർച്ചയും മൂലം പല കർഷകരും കൊക്കോ കൃഷി ഉപേക്ഷിച്ചിരുന്നു. ഇതോടെ ഉത്പാദനം കുത്തനെ ഇടിയുകയും വില കുതിച്ചു കയറുകയുമായിരുന്നു.
മേയ് മാസം അവസാനം കൂടുതൽ ചരക്ക് വില്പനയ്ക്ക് ഇറങ്ങാൻ ഇടയുണ്ട്. കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തിൽ കൊക്കോ പരിപ്പിനു വൻ ഡിമാൻഡായിരുന്നു. എന്നാൽ, കുത്തനെയുള്ള വിലയിടിവിന് പിന്നിൽ ചോക്ലേറ്റ് കന്പനികളുടെയും ചെറുകിട വ്യാപാരികളുടെയും ഇടനില ലോബിയുടെയും ഇടപെടലാണെന്നാണു വ്യാപാരികൾ പറയുന്നത്.
മേയ് മുതൽ സെപ്റ്റംബർ വരെയാണ് കന്പോളങ്ങളിൽ കൂടുതലായി കൊക്കോ എത്തുന്നത്. വ്യാപാരികളിൽനിന്ന് ഏജൻസികൾ കൊക്കോ ശേഖരിച്ച് ഗുജറാത്ത്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ ഫാക്ടറികളിലേക്കാണ് കയറ്റി അയയ്ക്കുന്നത്.