ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ ആപ്പിളിനു പിന്നാലെ ആൽഫബെറ്റും
Thursday, April 24, 2025 12:42 AM IST
ആപ്പിളിനു പിന്നാലെ ആൽഫബെറ്റ് ഇൻകോർപറേറ്റഡും ഇന്ത്യയിൽ നിർമാണ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ഒരുങ്ങുന്നായി റിപ്പോർട്ടുകൾ.
ചൈനയെയും വിയറ്റ്നാമിനെയും അപേക്ഷിച്ച് യുഎസ് തീരുവ കുറവുള്ളതാണ് ഇന്ത്യയിലേക്ക് പ്രമുഖ കന്പനികളെ ആകർഷിക്കുന്നത്. ആപ്പിൾ തങ്ങളുടെ ഐഫോണ്‍ നിർമാണ പ്രവർത്തനങ്ങൾ ഇന്ത്യയിൽ വികസിപ്പിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ നേരത്തേ വന്നിരുന്നു. ഇന്ത്യയിൽ നിർമിക്കുന്നവ യുഎസിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ചൈനയിൽനിന്നുള്ളവ മറ്റു പ്രദേശങ്ങളിലേക്കുള്ള വിതരണത്തിനുമാകും.
ആൽഫബെറ്റ് ഇൻകോർപറേറ്റഡ് സമാനമായ ഒരു തന്ത്രം ആവിഷ്കരിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. ഗൂഗിൾ പിക്സൽ സ്മാർട്ട്ഫോണുകളുടെ ആഗോള ഉത്പാദനത്തിന്റെ ഒരു ഭാഗം വിയറ്റ്നാമിൽനിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതിനായി ശ്രമം നടത്തുന്നുണ്ട്. പ്രത്യേകിച്ച് യുഎസിലേക്കുള്ള വിതരണങ്ങൾക്ക്. ഇതിനായി ഇന്ത്യൻ കരാർ നിർമാതാക്കളായ ഡിക്സണ്‍ ടെക്നോളജീസ്, ഫോക്സ്കോണ്‍ എന്നിവരുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച ആദ്യ ഘട്ട ചർച്ചകൾ ഏകദേശം രണ്ടാഴ്ച മുന്‍പ് നടന്നതായും പറയുന്നു.
പിക്സലിന്റെ പ്രാഥമിക ഉത്പാദന കേന്ദ്രമായ വിയറ്റ്നാമിന് ഉയർന്ന താരിഫ് ഏർപ്പെടുത്തുമെന്ന് യുഎസ് ഭീഷണിപ്പെടുത്തിയതോടെ, ആൽഫബെറ്റിന്റെ ഡി റിസ്ക് സോഴ്സിംഗ് തന്ത്രത്തിന്റെ ഭാഗമാണ് ഈ മാറ്റം. എൻക്ലോസറുകൾ, ചാർജറുകൾ, ഫിംഗർപ്രിന്റ് സെൻസറുകൾ, ബാറ്ററികൾ തുടങ്ങിയ ചില ഘടകങ്ങൾ ഇന്ത്യയിൽ പ്രാദേശികമായി നിർമിക്കുന്നതിനുള്ള പദ്ധതികളും കന്പനി കരാർ നിർമാതാക്കളുമായി പങ്കിട്ടിട്ടുണ്ടെന്നാണ് വിവരങ്ങൾ. നിലവിൽ, മേഡ് ഇൻ ഇന്ത്യ പിക്സൽ ഫോണുകൾക്കുള്ള മിക്ക ഘടകങ്ങളും ഇറക്കുമതി ചെയ്യുന്നതാണ്.
ഡിക്സണും ഫോക്സ്കോണും ഇന്ത്യയിൽ പ്രതിമാസം 43,000-45,000 പിക്സൽ സ്മാർട്ട്ഫോണുകൾ നിർമിക്കുന്നുണ്ട്. ഇവ പ്രാദേശിക വിപണിക്കു വേണ്ടി മാത്രമായിട്ടുള്ളതാണ്. സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യ മൊത്തം 16.5% ഇറക്കുമതി തീരുവ ചുമത്തുന്നു. ഇന്ത്യയിൽ നിർമിക്കുന്ന പിക്സലുകളുടെ പുതിയ മോഡലുകൾ ഉൾപ്പെടെ ഏകദേശം 65-70% ഡിക്സണ്‍ ഉത്പാദിപ്പിക്കുന്നു.
അതേസമയം ഫോക്സ്കോണ്‍ പഴയ മോഡലുകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യയിൽ ആദ്യമായി പിക്സൽ ഉത്പാദനം ആരംഭിച്ചത് ഫോക്സ്കോണ്‍ ആണ്. തമിഴ്നാട് യൂണിറ്റിലാണ് നിർമാണം തുടങ്ങിയത്. തായ്വാനിലെ കോന്പൽ ഇലക്ട്രോണിക്സുമായി സഹകരിച്ച് ഡിക്സണ്‍ ഡിസംബറിൽ നോയിഡ പ്ലാന്റിൽ പിക്സൽ ഉത്പാദനം ആരംഭിച്ചു.
ഏറ്റവും പുതിയ മോഡലുകൾ പുറത്തിറങ്ങിയതിനുശേഷം യുഎസിൽ പിക്സലിന്റെ വിപണി വിഹിതം ഏകദേശം 14% ആയി ഉയർന്നു.
2023ലാണ് ചൈനയെ ആശ്രയിക്കുന്നതും അപകടസാധ്യത കുറയ്ക്കുന്നതും ലക്ഷ്യമിട്ട് ഗൂഗിൾ കരാർ നിർമാതാക്കളായ ഫോക്സ്കോണ്‍, കോന്പാൽ എന്നിവയിലൂടെ വിയറ്റ്നാമിൽ പിക്സൽ ഉത്പാദനം ആരംഭിച്ചത്. പിക്സലിന്റെ പ്രീമിയം മോഡലുകളിൽ പകുതിയോളം കഴിഞ്ഞ വർഷം വിയറ്റ്നാമിലാണ് നിർമിച്ചത്.
‘ചൈന പ്ലസ് വണ്‍’ തന്ത്രം: നേട്ടമുണ്ടാക്കിയത് വിയറ്റ്നാം
കന്പനികൾ ചൈനയ്ക്ക് പുറത്ത് അവരുടെ ഉത്പാദനം വ്യാപിപ്പിക്കുന്ന ‘ചൈന പ്ലസ് വണ്‍’ തന്ത്രത്തിന്റെ പ്രധാന ഗുണഭോക്താക്കളായി വിയറ്റ്നാമും ഇന്ത്യയും ഉയർന്നുവന്നിട്ടുണ്ട്. കുറഞ്ഞ തൊഴിൽ ചെലവും അനുകൂലമായ ബിസിനസ് അന്തരീക്ഷവും പോലുള്ള നേട്ടങ്ങൾ രണ്ടും രണ്ടു രാജ്യവും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇന്ത്യയെ അപേക്ഷിച്ച് നിക്ഷേപങ്ങളെ ആകർഷിക്കുന്നതിലും വിതരണ ശൃംഖലകളെ വൈവിധ്യവത്കരിക്കുന്നതിലും വിയറ്റ്നാം കൂടുതൽ വിജയിച്ചു.
‘ചൈന പ്ലസ് വണ്‍’ തന്ത്രം മുതലാക്കുന്നതിൽ ഇന്ത്യ ഇതുവരെ പരിമിതമായ വിജയം മാത്രമേ നേടിയിട്ടുള്ളൂ. അതേസമയം വിയറ്റ്നാം, തായ്ലൻഡ്, കംബോഡിയ, മലേഷ്യ എന്നിവ വലിയ ഗുണഭോക്താക്കളായി മാറിയിട്ടുണ്ടെന്ന് നീതി ആയോഗ് ഏതാനും മാസങ്ങൾക്ക് മുന്‍പ് പുറത്തിറക്കിയ ഒരു റിപ്പോർട്ട് പറയുന്നു. കുറഞ്ഞ കൂലി, ലളിതമാക്കിയ നികുതി നിയമങ്ങൾ, കുറഞ്ഞ തീരുവകൾ, ആരുടെയും പ്രേരണ കൂടാതെ സ്വതന്ത്ര വ്യാപാര കരാറുകളിൽ (എഫ്ടിഎ) ഒപ്പുവയ്ക്കുന്നതും ഈ രാജ്യങ്ങളുടെ കയറ്റുമതി കൂട്ടാൻ സഹായിച്ചു.
20 ശതമാനം കോർപറേറ്റ് നികുതി നിരക്കും കയറ്റുമതി അധിഷ്ഠിത സാന്പത്തിക വളർച്ചാ മാതൃകയുമാണ് ‘ചൈന പ്ലസ് വണ്‍’ തന്ത്രത്തിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒന്നായി വിയറ്റ്നാമിനെ ഉയർത്തിയത്. ഇന്ത്യയിൽ വിദേശ കന്പനികൾക്കുള്ള കോർപറേറ്റ് നികുതി നിരക്ക് 35 ശതമാനമാണ്. 2024 കേന്ദ്ര ബജറ്റിലാണ് നിക്ഷേപം കൂടുതൽ ആകർഷിക്കാൻ കോർപറേറ്റ് നികുതി നിരക്ക് 40 ശതമാനത്തിൽനിന്ന് കുറച്ചത്.
ഇന്ത്യക്ക് ഗുണമാകുന്നത് എങ്ങനെ
വിയറ്റ്നാമിനുമേലുള്ള യുഎസ് തീരുവകൾ ഇന്ത്യക്ക് അനുകൂലമായി മാറാൻ സാധ്യതയുണ്ട്.ഇന്ത്യക്ക് 26 ശതമാനവും വിയറ്റ്നാമിന് 46 ശതമാനവും യുഎസ് തീരുവ ചുമത്തി. 90 ദിവസത്തേക്ക് നിർത്തിവച്ചിരിക്കേ, വിയറ്റ്നാമും യുഎസും ഒരു വ്യാപാര കരാറിനായുള്ള ചർച്ചകൾ ആരംഭിക്കാൻ സമ്മതിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇന്ത്യക്ക് ലഭിക്കുന്നതിനേക്കാൾ അനുകൂലമായ ഒരു കരാർ വിയറ്റ്നാമിന് ട്രംപിൽനിന്ന് ലഭിക്കാൻ സാധ്യതയില്ല. കാരണം, യുഎസിലേക്കുള്ള ചൈനയുടെ കയറ്റുമതിയുടെ വഴിതിരിച്ചുവിടൽ കേന്ദ്രമായി വിയറ്റ്നാം വ്യാപകമായി കാണപ്പെടുന്നു എന്നതാണ്.
കുറഞ്ഞ തീരുവയുള്ള ‘വിയറ്റ്നാം നിർമിതം’ എന്ന ലേബലോടെ ചൈനീസ് ഉത്പന്നങ്ങൾ അമേരിക്കയിലേക്ക് അയയ്ക്കാനുള്ള സാധ്യതകളെക്കുറിച്ച് വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ ആശങ്ക ഉന്നയിച്ചു.
യുഎസ് തീരുവകൾ ഒഴിവാക്കാൻ വിയറ്റ്നാം തങ്ങളുടെ പ്രദേശം വഴി അമേരിക്കയിലേക്ക് ചൈനീസ് ഉത്പന്നങ്ങൾ കയറ്റി അയയ്ക്കുന്നത് കർശനമായി നിയന്ത്രിക്കാൻ തയാറെടുക്കുകയാണെന്നും ചൈനയിലേക്കുള്ള കയറ്റുമതിയിൽ നിയന്ത്രണം കർശനമാക്കുമെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
മറ്റ് കന്പനികൾ, വ്യവസായങ്ങൾ
ഇന്ത്യയിലേക്ക് ഉത്പാദനം ഭാഗികമായി മാറ്റുന്ന കന്പനി ആൽഫബെറ്റ് മാത്രമായിരിക്കില്ല. കൊറിയൻ ഇലക്ട്രോണിക്സ് നിർമാതാക്കളായ സാംസംഗിന് വിയറ്റ്നാമിൽ ഒരു പ്രധാന അടിത്തറയുണ്ട്. ഇലക്ട്രോണിക്സിന് പുറമേ, വിയറ്റ്നാം യുഎസിലേക്ക് വസ്ത്രങ്ങളുടെയും ഷൂസിന്റെയും പ്രധാന കയറ്റുമതിക്കാരാണ്. അതിനാൽ, ഈ മേഖലകളിലും ഇന്ത്യയിൽ കൂടുതൽ ഉത്പാദനം പ്രതീക്ഷിക്കാം.
ഫർണിച്ചർ വ്യവസായം വിയറ്റ്നാമിനെ ആശ്രയിക്കുന്നതും വർധിപ്പിച്ചിട്ടുണ്ട്. യുഎസിലേക്കുള്ള കളിപ്പാട്ടങ്ങൾക്കും വിയറ്റ്നാമിനെ ആശ്രയിച്ചിരിക്കുകയാണ്.