ഐസിഎൽ ഫിൻകോർപ് 100 കോടിയുടെ എൻസിഡി പ്രഖ്യാപിച്ചു
Thursday, April 24, 2025 12:42 AM IST
മുംബൈ: നോണ് ബാങ്കിംഗ് ഫിനാൻഷൽ കന്പനിയായി ഐസിഎൽ ഫിൻകോർപ് ലിമിറ്റഡ് ക്രിസിൽ ബിബിബി-സ്റ്റേബിൾ റേറ്റിംഗുള്ള എൻസിഡികൾ (ഓഹരികളാക്കി മാറ്റാനാവാത്തതുമായ ഡിബഞ്ചർ) പ്രഖ്യാപിച്ചു. തങ്ങളുടെ ബിസിനസ് വളർച്ചയ്ക്കായാണ് സുരക്ഷിതവും വീണ്ടെടുക്കാവുന്നതുമായ എൻസിഡികൾ പ്രഖ്യാപിച്ചത്.
പൊതു ഇഷ്യു വഴി 100 കോടി രൂപ സമാഹരിക്കാനാണ് ഈ കടപ്പത്രങ്ങളിലൂടെ പദ്ധതിയിടുന്നത്. ഐസിഎൽ ഫിൻകോർപ്പിൽ നിന്നുള്ള അഞ്ചാമത്തെ പരന്പരയിലെ എൻസിഡി പബ്ലിക് ഇഷ്യുവാണിത്. ഇവ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.
എൻസിഡി 25ന് ആരംഭിച്ച് മേയ് ഒന്പതിന് അവസാനിക്കുമെന്ന് ഐസിഎൽ ഫിൻകോർപ് അറിയിച്ചു.
1,000 രൂപ മുഖവിലയുള്ള ഈ എൻസിഡികൾ നാല് വ്യത്യസ്ത സ്കീമുകൾ വാഗ്ദാനം ചെയ്യുന്നു. 10 നിക്ഷേപ ഓപ്ഷനുകളും നൽകുന്നു. 10,000 രൂപ യാണ് കുറഞ്ഞ ആപ്ലിക്കേഷൻ തുക. 11 മുതൽ 13.01 ശതമാനം വരെയാണ് പലിശ നിരക്കുകൾ.
ക്രിസിൽ ബിബിബി-സ്റ്റേബിൾ റേറ്റിംഗുള്ള എൻസിഡി നിക്ഷേപകർക്ക് 13.01 ശതമാനം വരെ വരുമാനം വാഗ്ദാനം ചെയ്യുന്നു. മേയ് ഒന്പതിനു മുന്പ് എൻസിഡി പൂർണമായി സബ്സ്ക്രൈബ് ചെയ്താൽ നേരത്തെ തന്നെ ഇഷ്യു അ വസാനിക്കുന്നതായിരിക്കും.
എൻസിഡികളുടെ പബ്ലിക് ഓഫറിലൂടെ സമാഹരിക്കുന്ന ഫണ്ട്, കന്പനിയുടെ നിലവിലുള്ള വായ്പ, ധനസഹായം, മുതലിന്റെയും പലിശയുടെയും തിരിച്ചടവ്/മുൻകൂട്ടി അടയ്ക്കൽ, പൊതു കോർപറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി വിനിയോഗിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.
1991ൽ പ്രവർത്തനം ആരംഭിച്ച ഐസിഎൽ ഫിൻകോർപ്പിന് കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ ശാഖകളുണ്ട്.
തമിഴ്നാട്ടിൽ 94 വർഷത്തിലേറെ സേവന പാരന്പര്യമുള്ള, ബിഎസ്ഇ ലിസ്റ്റ് ചെയ്ത എൻബിഎഫ്സിയായ സേലം ഈറോഡ് ഇൻവെസ്റ്റ്മെന്റിന്റെ ഏറ്റെടുക്കൽ ഐസിഎലിന്റെ വിപണിയിലെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തി.
തൃശൂരിലെ ഇരിങ്ങാലക്കുട ആസ്ഥാനമായാണ് ഐസിഎൽ ഫിൻകോർപ് പ്രവർത്തിക്കുന്നത്. അഡ്വ. കെ.ജി. അനിൽകുമാർ കന്പനിയുടെ ചീഫ് പ്രമോട്ടർ, ചെയർമാൻ, മാനേജിംഗ് ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ഐസിഎൽ ഫിൻകോർപ് തൃശൂരിലെ ഒരരൊറ്റ പ്രദേശത്തുള്ള കന്പനിയിൽ നിന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 293 ശാഖകളുള്ള ഒരു പാൻ-ഇന്ത്യൻ സ്ഥാപനമായി വികസിച്ചു. ഉമാദേവി അനിൽകുമാറാണ് കന്പനിയുടെ മറ്റൊരു പ്രൊമോട്ടർ.