എൽപിജി ഇറക്കുമതിയിൽ വർധന
Tuesday, March 4, 2025 12:19 AM IST
മുംബൈ: ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ (എൽപിജി) ഉയർന്ന വാങ്ങലിലൂടെ 2024ൽ ഇന്ത്യയുടെ ശുദ്ധീകരിച്ച പെട്രോളിയം ഉത്പന്ന (പിഒഎൽ) ഇറക്കുമതി റിക്കാർഡ് തലത്തിലെത്തി. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെ ലക്ഷ്യമിട്ട് ശുദ്ധമായ പാചക സംരംഭങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതാണ് എൽപിജിയുടെ ഇറക്കുമതി ഉയർന്നത്.
ഒപെക്കിന്റെ ഫെബ്രുവരിയിലെ റിപ്പോർട്ടിലാണ് കണക്കുപുറത്തുവിട്ടത്. പ്രതിദിനം ശരാശരി 1.2 മില്യണ്‍ ബാരൽ എന്ന കണക്കിലാണ് ലോകത്തെ മൂന്നാമത്തെ വലിയ ഉൗർജ ഉപഭോക്താക്കളായ ഇന്ത്യ ഇറക്കുമതി ചെയ്തത്.
2023ലേക്കാൾ എട്ടു ശതമാനം ഉയർച്ചയാണുണ്ടായത്. ഇതിൽ എൽപിജിയുടെ സംഭാവനയാണ് ഉയർന്നു നിൽക്കുന്നത്. പ്രതിദിനം 71,000 ബാരൽ എന്ന കണക്കിലാണ് എൽപിജി ഇറക്കുമതി ചെയ്ത്.
2025 ജനുവരിയിൽ എൽപിജി ഇറക്കുമതി 2024 ജനുവരിയെ അപേക്ഷിച്ച് 10.30 ശതമാനം ഉയർന്ന് 1.82 മില്യണ്‍ ടണ്ണായി. എന്നാൽ പ്രതിമാസക്കണക്കിൽ 2.2 ശതമാനം കുറവാണെന്ന് പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ (പിഎസി) വ്യക്തമാക്കി.
2024-2025 സാന്പത്തിക വർഷം ഏപ്രിൽ-ജനുവരി കാലയളവിൽ ഇൻബൗണ്ട് കാർഗോ 15.1 ശതമാനം വർധിച്ച് 17.47 മില്യണ്‍ ടണ്ണായി. നടപ്പുസാന്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ എൽപിജി ഇറക്കുമതി എക്കാലത്തെയും ഉയർന്ന നിരക്കിലാണ്.
ചരക്കുകൾ 11.52 ശതമാനം ഉയർന്നു 5.81 മില്യണ്‍ ടണ്ണിലെത്തി. 2023 സാന്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തെക്കാൾ 18.10 ശതമാനത്തിന്റെ വർധനവാണ്. ഒക്ടോബർ 2024ലെ 1.985 മില്യണ്‍ ടണ്ണാണ് എത്തിയത്.