വിപണിയിൽ ഇടിവ്
Tuesday, January 28, 2025 1:12 AM IST
മുംബൈ: ഇന്ത്യൻ ഓഹരി വിപണി ഏഴുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ. ബിഎസ്ഇ സെൻസെക്സിനും നിഫ്റ്റിക്കും ഒരു ശതമാനത്തിലേറെ ഇടിവാണ് ഇന്നലെയുണ്ടായത്.
ആഗോള വിപണിയിലെ പ്രതികൂല സാഹചര്യങ്ങളും വിപണിയെ സ്വാധീനിക്കുന്നു. അമേരിക്കൻ വ്യാപാര നയം സംബന്ധിച്ച അനിശ്ചിതത്വമാണ് വിപണിയെ ബാധിച്ചത്. കന്പനികളുടെ മൂന്നാംപാദ ഫലം പ്രതീക്ഷിച്ചപോലെ ഉയരത്തിലെത്താത്തതും വിദേശ നിക്ഷേപകരുടെ പിൻവലിക്കൽ തുടരുന്നതും ഇന്ത്യൻ വിപണിയെ പിന്നോട്ടടിക്കുന്നു.
സെൻസെക്സ് 824 പോയിന്റ് നഷ്ടത്തിൽ 75,366 പോയിന്റിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 1.08 ശതമാനമാണ് ഇടിഞ്ഞത്. നിഫ്റ്റിക്കും ഇന്നലെ നഷ്ടത്തിന്റെ ദിനമായിരുന്നു. 263 പോയിന്റ് ഇടിഞ്ഞ നിഫ്റ്റി 22,829 പോയിന്റിലാണ് വ്യാപാരം അവസാനിച്ചത്. 2024 ജൂണ് ആറിന് ശേഷം ആദ്യമായാണ് നിഫ്റ്റി 23000 ലെവലിനും താഴെ പോകുന്നത്. മിഡ്കാപ്, സ്മോൾകാപ് സൂചികകൾ ഉൾപ്പെടെ എല്ലാ സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്.
ഐടി, ടെലികോം, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളിലുണ്ടായ വിൽപ്പന സമ്മർദവും വിപണിയെ ബാധിച്ചു. ഐടി ഓഹരികളിലാണ് വൻ നഷ്ടമുണ്ടായത്. ചാറ്റ് ജിപിടിയെ കടത്തിവെട്ടി ചൈനയുടെ ഡീപ് സീക്കിന്റെ വരവ് ഐടി ഓഹരിയിൽ തിരിച്ചടിയായി.ടെലികോം, പവർ, ഫാർമ ഓഹരികളും നഷ്ടം നേരിട്ടു.
ബിഎസ്ഇ ലിസ്റ്റഡ് കന്പനികളുടെ മൊത്തം മൂലധനം കഴിഞ്ഞ സെഷനിലെ 419.5 ലക്ഷം കോടിയിൽനിന്ന് ഇന്നലെ 410 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഒരു ദിവസകൊണ്ടു 9 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകർക്കു നേരിട്ടത്. കഴിഞ്ഞ രണ്ടു സെഷനിലായി 15 ലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.
സെൻസെക്സിൽ എച്ച്സിഎൽ ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. 4.51 ശതമാനമാണ് എച്ച്സിഎൽ ഓഹരി ഇടിഞ്ഞത്. സൊമാറ്റോ, ടെക് മഹീന്ദ്ര, പവർ ഗ്രിഡ്, ടാറ്റ മോട്ടോഴ്സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ട മറ്റു ഓഹരികൾ. മെച്ചപ്പെട്ട മൂന്നാം പാദ ഫലം ഐസിഐസിഐ ബാങ്കിന്റെ ഓഹരിക്ക് മുന്നേറ്റം നല്കി. 1.39 ശതമാനമാണ് ഐസിഐസിഐ ബാങ്ക് ഉയർന്നത്.
ബ്രിട്ടാനിയ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യൂണിലിവർ, എസ്ബിഐ, മാരുതി സുസുക്കി ഓഹരികളും നേട്ടത്തിലെത്തി.
രൂപ നഷ്ടത്തിൽ
അമേരിക്കൻ ഡോളറിനെതിരേ രൂപയുടെ കയറ്റിറക്കം തുടരുന്നു. ഇന്നലെ 11 പൈസ നഷ്ടത്തോടെ 86.33 എന്ന നിലയിൽ ക്ലോസ് ചെയ്തു. ഡോളറിനോടുള്ള താത്പര്യമുയർന്നതും ആഭ്യന്തര വിപണിയിൽ ഇന്നലെയുണ്ടായ തകർച്ചയുമാണ് രൂപയെ ബാധിച്ചത്.
വെള്ളിയാഴ്ച നേട്ടത്തോടെ ക്ലോസ് ചെയ്ത രൂപയ്ക്ക് അമേരിക്കൻ വ്യാപാരനയത്തിലെ അനിശ്ചിതത്വവും വിദേശ നിക്ഷേപകരുടെ പിൻവാങ്ങലും തിരിച്ചടിയായെന്നാണ് ഫോറെക്സ് ട്രേഡേഴ്സ് പറയുന്നത്. വെള്ളിയാഴ്ച 22 പൈസ നേട്ടത്തിൽ 86.22ലാണ് ക്ലോസ് ചെയ്തത്.
ഇന്നലെ ഡോളറിനെതിരേ 86.35 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച രൂപ ഇടയ്ക്ക് 86.33ലും 86.45ലുമെത്തിയശേഷമാണ് 11 പൈസ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്.
ഡോളർ സൂചിക ആറു കറൻസികൾക്കെതിരേ ശക്തമായ നിലയിലാണ്. 0.04 ശതമാനം ഉയർന്ന് 107.48ലാണ് വ്യാപാരം നടക്കുന്നത്.