ചാറ്റ് ജിപിടിയെ കടത്തിവെട്ടി ചൈനയുടെ ഡീപ് സീക്ക്
Tuesday, January 28, 2025 1:12 AM IST
കലിഫോർണിയ: ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിക്ക് ഒത്ത എതിരാളിയെ പുറത്തിറക്കി ചൈന. ഫ്രീ ലാംഗേജ് മോഡലായ ഡീപ് സീക്ക് വി3യാണ് പുറത്തിറക്കിയത്.
പുറത്തിറങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ ഡീപ് സീക്ക് ആപ്പ് സ്റ്റോറിൽ ചാറ്റ്ജിപിടിയെ പിന്തള്ളി. യുഎസിലെ ആപ്പ് സ്റ്റോറിൽ ഏറ്റവും മികച്ച റേറ്റിംഗ് ഉള്ള സൗജന്യ ആപ്ലിക്കേഷനാണ് ഇപ്പോൾ ഈ ചൈനീസ് സംരംഭം. ഇതോടെ ചാറ്റ് ജിപിടിക്കും മെറ്റ എഐയ്ക്കും അടക്കം കനത്ത വെല്ലുവിളിയാണ് ഡീപ് സീക്ക് ഉയർത്തുന്നത്.
5.58 മില്യണ്‍ ഡോളറിന് വെറും രണ്ട് മാസം കൊണ്ടാണ് ഇത് നിർമിച്ചതെന്നാണ് ചൈന അവകാശപ്പെടുന്നത്. ചാറ്റ് ജിപിടി-4 മോഡലിനെ ട്രെയിൻ ചെയ്യിക്കാൻ 100 മില്യൺ ഡോളറാണ് (ഏകദേശം 863 കോടി രൂപ) സാം ആൾട്ട്മാന്റെ നേതൃത്വത്തിലുള്ള ഓപ്പണ്‍ എഐ മുടക്കിയത്. ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ മത്സരത്തിലെ യുഎസ് ആധിപത്യത്തെ വെല്ലുവിളിക്കുന്നതാണ് ഈ ചൈനീസ് മുന്നേറ്റം.
യുഎസ് നിർമിത ചിപ്പുകൾ ചൈനയിലെത്തുന്നത് തടയാൻ ജോ ബൈഡൻ ഭരണകൂടം ശ്രമിച്ചിരുന്നു. ഡീപ്സീക്കിന്റെ വിജയം സൂചിപ്പിക്കുന്നത് ചൈന വെല്ലുവിളികൾ മറികടന്നു എന്നാണ്. ഡീപ്സീക്ക്-വി3 മോഡൽ എൻവിഡിയയുടെ എച്ച്800 ചിപ്പുകൾ ഉപയോഗിച്ചാണ് പരീക്ഷിച്ചതെന്ന് ഡീപ്സീക്ക് ഗവേഷകർ റിപ്പോർട്ട് ചെയ്തു.
ഡീപ്സീക്കിന് തൊട്ടു പിന്നാലെ ഡീപ് സീക്ക് ആർ1 എന്ന പുതിയ മോഡലും ചൈന ജനുവരിയിൽ പുറത്തിറക്കിയിരുന്നു. കോഡിംഗ്, ഗണിത പ്രശ്നങ്ങൾ സോൾവ് ചെയ്യുന്നത്, കോഡിംഗിലെ ബഗ് കണ്ടെത്തുന്നത് തുടങ്ങിയവയിൽ ഡീപ്സീക്കിന്റെ പ്രവർത്തനം മികച്ചതാണെന്ന് വിദഗ്ധർ പറയുന്നു. നിലവിൽ ഡീപ്സീക്ക് ആർവണ്ണും ചാറ്റ് ജിപിടിക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്.
യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന് തൊട്ടുപിന്നാലെ 5000 കോടി ഡോളറിന്റെ ലോകത്തിലെ ഏറ്റവും വലിയ എഐ പദ്ധതി ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ചൈനയെ വെട്ടാൻ ഓപ്പണ്‍ എഐ, ഒറാക്കിൾ, സോഫ്റ്റ് ബാങ്ക് തുടങ്ങിയ കന്പനികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ആപ്പിൾ പ്ലേ സ്റ്റോറിൽ ചാറ്റ് ജിപിടിയേക്കാൾ ഡീപ് സീക്കിന് പ്രചാരം ലഭിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ ഓഹരി വിപണിയിലും ചലനങ്ങളുണ്ടായി. അമേരിക്കൻ ടെക് ഓഹരികൾക്കെല്ലാം ഇടിവ് നേരിട്ടു. ചൈനീസ് കന്പനികളായ ഡീപ് സീക്ക്, ഐഫ്ളൈടെക് (Iflytek co) തുടങ്ങിയ കന്പനികൾ മുന്നേറി.