എച്ച്എംടി സ്വകാര്യവത്കരിക്കില്ല, നവീകരിക്കും: എച്ച്.ഡി. കുമാരസാമി
Tuesday, August 20, 2024 12:54 AM IST
കളമശേരി: എച്ച്എംടി ലിമിറ്റഡിനെ സ്വകാര്യവത്കരിക്കില്ലെന്നും പകരം നവീകരിക്കുമെന്നും കേന്ദ്ര ഘനവ്യവസായ-സ്റ്റീൽ വകുപ്പ് മന്ത്രി എച്ച്.ഡി. കുമാരസാമി.
വിവിധ സംസ്ഥാനങ്ങളിലായി 32,000 ത്തിലധികം ജീവനക്കാരുണ്ടായിരുന്ന എച്ച്എംടിയിൽ ഇപ്പോൾ ആകെ 750 ജീവനക്കാർ മാത്രമായി ചുരുങ്ങുകയും പല യൂണിറ്റുകളും മുന്നോട്ടുപോകാനാകാതെ ചക്രശ്വാസം വലിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതീക്ഷ പകരുന്ന പ്രഖ്യാപനം.
ഒരു കാരണവശാലും ജീവനക്കാർ പരിഭ്രാന്തരാകേണ്ടെന്നും എച്ച്എംടിയുടെ പ്രശസ്തി വീണ്ടെടുക്കാൻ ആത്മാർഥമായി ശ്രമിക്കുമെന്നും നാളുകൾക്കകം തന്നെ പുനരുദ്ധാരണ നടപടികൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
എച്ച്എംടി ജീവനക്കാരും ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി എച്ച്എംടി കളമശേരിയുടെ പൊതു ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനവും മന്ത്രിക്ക് സമർപ്പിച്ചു.
വ്യവസായ മന്ത്രി പി. രാജീവ്, ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള, ഹൈബി ഈഡൻ എംപി, വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ്, എച്ച്എംടി ജിഎം എം.ആർ.വി. രാജ, മോഹൻകുമാർ, ഡിജിഎം ശ്രീകുമാർ എന്നിവരും കേന്ദ്രമന്ത്രിയെ അനുഗമിച്ചു.