ചിത്തരഞ്ജൻ ലോക്കോമോട്ടീവ്സിന് എൻജിൻ നിർമാണത്തിൽ റിക്കാർഡ്
Friday, April 4, 2025 12:56 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: ട്രെയിനുകളുടെ എൻജിൻ നിർമാണത്തിൽ ബംഗാളിലെ ചിത്തരഞ്ജൻ ലോക്കോമോട്ടീവ്സിന് ദേശീയ റിക്കാർഡ്. 2024-25 സാമ്പത്തിക വർഷത്തിൽ 700 എൻജിനുകൾ നിർമിച്ചാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം 580 എൻജിനുകളാണ് നിർമിച്ചിരുന്നത്.
പുതുതായി ഉത്പാദിപ്പിച്ച അഞ്ച് ഇലക്ട്രിക് എൻജിനുകൾ കഴിഞ്ഞ ദിവസം അനാഛാദനം ചെയ്തിരുന്നു. ഇതോടെയാണ് എൻജിനുകളുടെ എണ്ണം 700 ആയി ഉയർന്നത്. അമൃത് ഭാരത് ട്രെയിനുകൾക്കായി രൂപകൽപ്പന ചെയ്ത ഒരു ജോഡി എയ്റോഡൈനാമിക് പുഷ്-പുൾ എൻജിനുകളും പുതുതായി പുറത്തിറക്കിയവയിൽ ഉൾപ്പെടും. മുൻ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞ ജീവനക്കാരുടെ തൊഴിൽ ശക്തിയോടെയാണ് ഈ നേട്ടം കൈവരിക്കാനായത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
2023-24 സാമ്പത്തിക വർഷത്തിൽ എൻജിൻ നിർമാണവുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികൾക്ക് 8469 ജീവനക്കാർ ഉണ്ടായിരുന്നു. 2024-24 സാമ്പത്തിക വർഷത്തിൽ ജീവനക്കാരുടെ എണ്ണം 7967 ആയി കുറഞ്ഞു. ഈ കുറഞ്ഞ തൊഴിൽ ശക്തിയിലാണ് ചിത്തരഞ്ജൻ ലോക്കോമോട്ടീവ്സിന് ദേശീയ ബഹുമതി കൈവരിക്കാനായത് എന്നത് ഏറെ ശ്രദ്ധേയമാണ്.