ബദൽ തീരുവ: ആഭരണ വ്യവസായത്തിനു തിരിച്ചടി
Friday, April 4, 2025 12:56 AM IST
മുംബൈ: യുഎസ്എ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ ബദൽ തീരുവ ഇന്ത്യയിൽനിന്നുള്ള രത്ന, ആഭരണ വ്യവസായത്തെ കാര്യമായി ബാധിക്കും. ഈ സാന്പത്തിക വർഷം 23 ശതമാനം ഇടിവാണ് ഈ വ്യവസായം നേരിട്ടത്. കയറ്റുമതിയിലെ മാന്ദ്യവും ആഭ്യന്തര വിപണികളിൽ ആവശ്യത കുറഞ്ഞവരുന്നതും ഉയർന്ന തോതിൽ തൊഴിൽ ആവശ്യമുള്ള വ്യവസായത്തിൽ ഇടിവിനിടയാക്കും.
ഇന്ത്യയുടെ ഏറ്റവും വലിയ ആഭരണ കയറ്റുമതി വിപണികളിലൊന്നാണ് യുഎസ്എ. ഏകദേശം 30 ശതമാനം വിഹിതം ഇന്ത്യക്കുണ്ട്. പ്രതിവർഷം യുഎസിലേക്ക്് 11 ബില്യണ്‍ ഡോളറിലധികം വരുന്ന ആഭരണ കയറ്റുമതി ഇന്ത്യ നടത്തുന്നുണ്ട്.
ആഭരണ കയറ്റുമതിയിൽ ഇന്ത്യയുടെ എതിരാളികളായ തുർക്കിക്കും യുഎഇക്കും 10 ശതമാനം ബദൽ തീരുവയാണ് യുഎസ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇന്ത്യക്ക് 26 ശതമാനവും.
ഇറക്കുമതി തീരുവ കുറഞ്ഞതിനാൽ ഇന്ത്യയുടെ വിപണി വിഹിതം തുർക്കിക്കും യുഎഇയ്ക്കും പിടിച്ചെടുക്കാനാകും. യുഎസിൽനിന്നുള്ള സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതിക്ക് ഇന്ത്യ 20 ശതമാനം ചുമത്തുന്നുണ്ട്.