നഗരയാത്രയ്ക്ക് ടെന്നീസ് മിലാനോ എഡിഷൻ
Saturday, April 5, 2025 1:37 AM IST
ഓട്ടോസ്പോട്ട് / അരുൺ ടോം
ഇറ്റാലിയൻ വാഹന നിർമാതാക്കളായ വിഎൽഎഫ് ഇന്ത്യ, ഇലക്ട്രിക് മൊബിലിറ്റിയിലെ സ്റ്റൈലിനും ഡിസൈനിനും പേരുകേട്ട വെലോസിഫെറോയുമായി സഹകരിച്ച് ആഡംബര സ്കൂട്ടറുകളോട് കിടപിടിക്കുന്ന സ്റ്റൈലുള്ള ഇലക്ട്രിക് സ്കൂട്ടർ വിഎൽഎഫ് ടെന്നീസ് മിലാനോ എഡിഷൻ പുറത്തിറക്കി.
ടെന്നീസ് 1500 ഡബ്യൂ എന്ന ആദ്യ മോഡൽ ഹിറ്റായതിന് പിന്നാലെയാണ് രണ്ടാമത്തെ ഇവിയും പുറത്തിറക്കിയിരിക്കുന്നത്. വിഎൽഎഫ് ടെന്നീസ് മിലാനോ എക്സ്ക്ലൂസീവ് ലിമിറ്റഡ് എഡിഷൻ സ്കൂട്ടറായിരിക്കുമെന്നാണ് കന്പനി പറയുന്നത്. മൂന്ന് റൈഡ് മോഡുകളും റിമൂവബിൾ ബാറ്ററി പായ്ക്കുമുള്ള ടെന്നീസ് മിലാനോയ്ക്ക് 99,999 രൂപയാണ് എക്സ്ഷോറൂം വില.
കാഴ്ചയിൽ മാസ് ലുക്ക് കിട്ടുന്നതും നഗരയാത്രയ്ക്ക് ഉതകുന്ന തരത്തിലുള്ള ഹൈ പെർഫോമൻസ് മോഡലാണിത്. 2.1 കിലോവാട്ട് പവറുള്ള ബാറ്ററി പായ്ക്ക് ഉപയോഗിച്ച് ഒറ്റ ചാർജിൽ 130 കിലോമീറ്റർ റേഞ്ച് കന്പനി വാഗ്ദാനം ചെയ്യുന്നു.
ഫാസ്റ്റ് ചാർജിംഗ് സംവിധാനമുള്ളതിനാൽ വെറും മൂന്ന് മണിക്കൂറിനുള്ളിൽ ഇവി പൂർണമായി ചാർജ് ചെയ്യാനാകും. റിമൂവബിൾ ബാറ്ററി പായ്ക്ക് ആയതിനാൽ വീട്ടിലോ ജോലിസ്ഥലത്തോ വച്ച് എളുപ്പത്തിൽ ചാർജ് ചെയ്യാൻ സാധിക്കും. മണിക്കൂറിൽ 65 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം.
ടെന്നീസ് മിലാനോ ഇവിയുടെ പ്രധാന ഹൈലൈറ്റ് അതിന്റെ ഭാരമായിരിക്കും. കണ്ടാൽ മസ്ക്കുലാർ ലുക്കുണ്ടെങ്കിലും സെഗ്മെന്റിലെ ഏറ്റവും ഭാരം കുറഞ്ഞ ഇവികളിൽ ഒന്നാണിത്. വെറും 88 കിലോഗ്രാം ഭാരം മാത്രമേയോള്ളൂ.
ഈടുനിൽക്കുന്നതും റൈഡ് സ്റ്റെബിലിറ്റി വർധിപ്പിക്കുന്നതിനുമായി അലുമിനിയം സ്വിംഗാം ആണ് ഉപയോഗിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 5 ടിഎഫ്ടി ഡിസ്പ്ലേയും തടസമില്ലാത്ത കണക്റ്റിവിറ്റിക്കായി സ്മാർട്ട് ഫീച്ചറുകൾ തരുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഒരുക്കിയിട്ടുണ്ട്.
40,000 കിലോമീറ്റർ അല്ലെങ്കിൽ മൂന്നുവർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയാണ് കന്പനി നൽകുന്നത്. അതേസമയം എക്സ്റ്റൻഡഡ് വാറണ്ടി അഞ്ചു വർഷം വരെ നീട്ടാനാകും. എക്സ്ക്ലൂസീവ് ലിമിറ്റഡ് എഡിഷനായതിനാൽ ആദ്യം ബുക്ക് ചെയ്യുന്ന 200 പേർക്ക് മാത്രമാണ് ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കാനാവുക.
വൈറ്റ്, ഗ്രേ, ഡാർക്ക് റെഡ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് വാഹനം ലഭിക്കുക. നിലവിൽ ഇന്ത്യൻ വിപണിയിൽ ടെന്നീസ് മിലാനോക്ക് നേരിട്ടുള്ള എതിരാളിയില്ലെന്ന് തന്നെ പറയാം. കോലാപ്പുർ ഫാക്ടറിയിൽ കെഎഡബ്യു വെലോസ് മോട്ടോർസാണ് ടെന്നീസ് മിലാനോ എഡിഷൻ പ്രാദേശികമായി നിർമിക്കുന്നത്.