രൂപയ്ക്ക് നേട്ടം
Saturday, April 5, 2025 1:37 AM IST
മുംബൈ: യുഎസ് ഡോളറിനെതിരേ ഇന്ത്യൻ രൂപയ്ക്ക് നേട്ടം. പകരം തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് യുഎസ് സന്പദ്വ്യവസ്ഥയ്ക്കേറ്റ ആഘാതമാണ് രൂപയുടെ മൂല്യം ഉയർത്തിയത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തിൽ രൂപ 85 ൽ താഴെയെത്തി.
2024 ഡിസംബറിനുശേഷം ആദ്യമായാണ് രൂപ 85ൽ താഴെത്തിയത്. തുടക്കത്തിൽ മാന്ദ്യത്തിലായിരുന്ന ഡോളർ സൂചിക മികവിലെത്തി. അഞ്ചു പൈസ നേട്ടത്തിൽ രൂപ 85.25ൽ വ്യാപാരം പൂർത്തിയാക്കി.
വ്യാപാരത്തിന്റെ തുടക്കത്തിൽ ഡോളർ സൂചികയിലും ക്രൂഡ് ഓയിൽ വിലയിലുമുണ്ടായ ഇടിവും ഡോളറിനെതിരേ രൂപയ്ക്ക് നേട്ടം നൽകി. എന്നാൽ ആഭ്യന്തര ഓഹരി വിപണികളിലുണ്ടായ തകർച്ചയും വിദേശ നിക്ഷേപകരുടെ പിൻവാങ്ങലും വ്യാപാരത്തിന്റെ അവസാനം ഡോളർ സൂചിക ശക്തിപ്പെട്ടതും രൂപയെ 85ന് മുകളിലെത്തിക്കുന്നതിൽനിന്ന് തടഞ്ഞു. വ്യാപാരത്തിനിടെ മൂല്യം 85 കടന്ന് 84.95 എന്ന നിലയിലെത്തി, 2024 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
ഇന്റർബാങ്ക് വിദേശ നാണ്യവിപണിയിൽ രൂപ 85.07ലാണ് തുടങ്ങിയത്. പിന്നീടത് ഉയർന്ന് 84.96ൽ രൂപയെത്തി. തുടർന്ന് 85.34 രൂപയിലേക്ക് താഴ്ന്നു. അവസാനം ഡോളറിനെതിരേ 85.25 രൂപയിൽ ക്ലോസ് ചെയ്തു. വ്യാഴാഴ്ച 85.30 രൂപയിലാണ് വ്യാപാരം പൂർത്തിയാക്കിയത്.