ഐഫോണ്‍ നിർമാണം ബ്രസീലിൽ വ്യാപിപ്പിക്കാൻ കന്പനി
Sunday, April 6, 2025 12:40 AM IST
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കും ചൈനയ്ക്കും ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയതിനു പിന്നാലെ ആപ്പിൾ കന്പനി തങ്ങളുടെ ഐഫോണ്‍ അസംബ്ലി പ്രവർത്തനങ്ങൾ ബ്രസീലിൽ കൂടുതൽ വ്യാപിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആപ്പിളിന്റെ നിലവിലെ നിർമാണത്തിന്റെയും അസംബ്ലിയുടെയും പ്രധാന കേന്ദ്രങ്ങളാണ് ഇന്ത്യയും ചൈനയും.
എന്നാൽ ഈ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് പ്രസിഡന്റ് ട്രംപിന്റെ കീഴിലുള്ള യുഎസ് സർക്കാർ പുതിയ താരിഫ് ചുമത്തിയതോടെയാണ് ഈ നീക്കം. ചൈനീസ് നിർമിത ഉത്പന്നങ്ങൾക്ക് 34 ശതമാനവും ഇന്ത്യൻ നിർമിത ഉത്പന്നങ്ങൾക്ക് 26 ശതമാനം ഇറക്കുമതി ചുങ്കവുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ, ബ്രസീലിന് താരതമ്യേന മിതമായ 10 ശതമാനം ഇറക്കുമതി ചുങ്കമേ ട്രംപ് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളൂ. ഇതാണ് ബ്രസീലിനെ ഇന്ത്യക്കും ചൈനയ്ക്കുമുള്ള ആകർഷകമായ ഒരു ബദലാക്കി മാറ്റുന്നത്.
ഐ ഫോണ്‍ കരാർ നിർമാതാക്കളായ തായ്വാനീസ് കന്പനി ഫോക്സ്കോണുമായി സഹകരിച്ച് സാവോ പോളോയിലെ പ്ലാന്റിൽ ഉത്പാദനം വർധിപ്പിക്കാനാണ് ആപ്പിൾ ആലോചിക്കുന്നത്.
2011 മുതൽ ആപ്പിൾ ബ്രസീലിൽ ഐഫോണുകൾ അസംബ്ലി ചെയ്യുന്നുണ്ടെങ്കിലും, പ്രാദേശിക വിപണിക്കുള്ള എൻട്രി ലെവൽ മോഡലുകളിലേക്ക് മാത്രമായാണ് ഉത്പാദനം പരിമിതപ്പെടുത്തിയിരുന്നത്. അത് മാറാൻ പോകുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞ വർഷം മുതൽ ആപ്പിൾ ബ്രസീലിലെ ഉപകരണങ്ങളും ഉത്പാദന പ്രക്രിയകളും നവീകരിക്കുന്നുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇപ്പോൾ, ബ്രസീലിയൻ ഉപഭോക്താക്കൾക്കായി മാത്രമല്ല, യുഎസിലേക്ക് ഐഫോണുകൾ കയറ്റുമതി ചെയ്യുന്നതിനും ഈ സൗകര്യം കൂടുതൽ വിപുലമായി ഉപയോഗിക്കുന്നതിനാണ് കന്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഈ വർഷം ആദ്യം, ബ്രസീലിലെ ടെലികോം റെഗുലേറ്റർ അനറ്റെൽ ആപ്പിളിനും ഫോക്സ്കോണിനും ഐഫോണ്‍ 16 പ്രാദേശികമായി അസംബ്ലി ചെയ്യാൻ പച്ചക്കൊടി കാണിച്ചു. ഐഫോണ്‍ 13, 14, 15 പോലുള്ള പഴയ മോഡലുകൾ ബ്രസീൽ ഇതിനകംതന്നെ അസംബിൾ ചെയ്യുന്നുണ്ട്.ആദ്യമായി ആപ്പിൾ രാജ്യത്ത് ഐഫോണ്‍ 16 പ്രോ മോഡലുകളും നിർമിച്ചേക്കാം.