സ്വർണ വില കുത്തനെ ഇടിഞ്ഞു
Saturday, April 5, 2025 1:37 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനേ ഇടിഞ്ഞു. ഗ്രാമിന് 160 രൂപയും പവന് 1,280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8,400 രൂപയും പവന് 67,200 രൂപയുമായി. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയത്. പത്തു ദിവസത്തിനുശേഷമാണ് സ്വര്‍ണവില കുറയുന്നത്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അധിക തീരുവ നയം പുറത്തുവന്നതോടെ സ്വര്‍ണത്തിന് കഴിഞ്ഞദിവസം റിക്കാര്‍ഡ് വിലയായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വന്‍കിട നിക്ഷേപകരെല്ലാം ലാഭമെടുത്തു പിരിയാന്‍ തുടങ്ങിയതാണ് വില ഇടിയാനുള്ള പ്രധാന കാരണം. മാത്രമല്ല, രൂപ കരുത്താര്‍ജിച്ച് 84.95 ലേക്ക് എത്തിയിട്ടുണ്ട്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിവില 6,880 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനേ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.