കെഎസ്ഡിപി മെഡി മാർട്ട് ഉദ്ഘാടനം എട്ടിന്
Friday, April 4, 2025 12:56 AM IST
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന്റെ അൻപതാം വാർഷികാഘോഷ പരിപാടികളുടെയും കെഎസ്ഡിപി മെഡി മാർട്ടിന്റെയും ഉദ്ഘാടനം എട്ടിന് രാവിലെ 10ന് ആലപ്പുഴ കെഎസ്ഡിപി അങ്കണത്തിൽ വ്യവസായ-നിയമ-കയർ മന്ത്രി പി. രാജീവ് നിർവഹിക്കും.
കെഎസ്ഡിപി പ്രവർത്തനങ്ങൾ ആരംഭിച്ചതിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനായാണ് മെഡി മാർട്ട് ആരംഭിക്കുന്നത്. ഇവിടെ മരുന്നുകൾ 10 മുതൽ 20 ശതമാനംവരെ വിലക്കുറവിൽ ലഭ്യമാക്കും. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഹോം ഡെലിവറി സംവിധാനവുമുണ്ടാകും.
കെ. സി. വേണുഗോപാൽ എംപി, പി പി ചിത്തരഞ്ജൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രെട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎസ്ഡിപി ചെയർമാൻ സി. ബി. ചന്ദ്രബാബു, കെഎസ്ഡിപി മാനേജിംഗ് ഡയറക്ടർ ഇ. എ. സുബ്രമണ്യൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.