2492 കാരറ്റ്: വലിപ്പത്തിൽ രണ്ടാമത്തെ വജ്രം
Thursday, August 22, 2024 11:16 PM IST
ഗാബറോണെ: തെക്കനാഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ 2,492 കാരറ്റ് വലിപ്പമുള്ള വജ്രം കണ്ടെത്തി.
ഖനനം ചെയ്തെടുത്ത വജ്രങ്ങളിൽ വലിപ്പംകൊണ്ട് രണ്ടാം സ്ഥാനം ഇതിനുള്ളതായി ബോട്സ്വാന സർക്കാർ വൃത്തങ്ങൾ പറഞ്ഞു. വലിയ വജ്രങ്ങൾക്കു പേരുകേട്ട കരാവേ ഖനിയിൽനിന്നാണ് ഇതു കണ്ടെത്തിയത്.
1905ൽ ദക്ഷിണാഫ്രിക്കയിൽനിന്നു ഖനനം ചെയ്തെടുത്ത 3,106 കാരറ്റുള്ള കള്ളിനൻ എന്ന വജ്രമാണ് വലുപ്പംകൊണ്ട് ഒന്നാമത്. ഇത് ചെറുരത്നങ്ങളായി മുറിച്ചു മാറ്റി. ചില രത്നങ്ങൾ ബ്രിട്ടീഷ് കിരീടത്തിൽ ഘടിപ്പിച്ചു.