ഗാസ സ്കൂളിൽ ആക്രമണം; 30 മരണം
Sunday, July 28, 2024 12:45 AM IST
കയ്റോ: ഗാസയിലെ സ്കൂളിൽ ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 30 പലസ്തീനികൾ കൊല്ലപ്പെടുകയും നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. സെൻട്രൽ ഗാസയിൽ ദെയിർ അൽ ബലായിലെ ഖദീജ സ്കൂളിലായിരുന്നു ആക്രമണം.
ഹമാസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ സ്കൂളിൽ രഹസ്യമായി പ്രവർത്തിച്ചിരുന്നുവെന്ന് ഇസ്രേലി സേന അറിയിച്ചു. ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും ആയുധങ്ങൾ ഒളിപ്പിക്കാനും സ്കൂൾ ഉപയോഗിച്ചിരുന്നു.
അതേസമയം, കുട്ടികൾ അടക്കമുള്ള സാധാരണക്കാരാണ് ആക്രമണത്തിനിരയായതെന്ന് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് ഹമാസ് അവകാശപ്പെട്ടു. സിവിലിയന്മാർ കൊല്ലപ്പെടാതിരിക്കാനുള്ള മുൻകരുതലോടെയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രേലി സേന വ്യക്തമാക്കി.
ഇസ്രേലി സേന തെക്കൻ ഗാസയിലെ ഖാൻ യൂനിസിലും ആക്രമണം നടത്തി. ഖാൻ യൂനിസിലും ദെയിർ അൽ ബലായിലുമായി 53 പേർ കൊല്ലപ്പെട്ടുവെന്നാണ് ഹമാസ് പറഞ്ഞത്.