എത്യോപ്യയിൽ മണ്ണിടിച്ചിൽ; 157 പേർ മരിച്ചു
Tuesday, July 23, 2024 11:15 PM IST
ആഡിസ് അബാബ: തെക്കൻ എത്യോപ്യയിലുണ്ടായ രണ്ടു മണ്ണിടിച്ചിൽ ദുരന്തങ്ങളിൽ 157 പേരുടെ മരണം സ്ഥിരീകരിച്ചു.
മലയോര മേഖലയായ ഗോഫായിൽ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായിരുന്നു മണ്ണിടിച്ചിലുകൾ. പത്തു പേരെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞിട്ടുള്ളൂ. കണാതായവർക്കായി തെരച്ചിൽ തുടരുന്നു. പ്രദേശവാസികളും പങ്കെടുക്കുന്നുണ്ട്.
ഗോഫാ ഉൾപ്പെടുന്ന സൗതേൺ എത്യോപ്യ സംസ്ഥാനത്ത് ദിവസങ്ങളായി കനത്ത മഴ പെയ്യുന്നുണ്ട്. ഞായറാഴ്ച രാത്രി മലയുടെ ഒരു ഭാഗം ഇടിഞ്ഞുവരുകയായിരുന്നു. പോലീസും പ്രദേശവാസികളും രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. മരണസംഖ്യ ഉയരുമെന്ന് എത്യോപ്യൻ അധികൃതർ സൂചിപ്പിച്ചു.